നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യം മോശമായി; ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഗുരുതരാവസ്ഥയില്‍!
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെന്ന് വിശേഷിപ്പിക്കുന്ന മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് നടി. ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു നടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്.
ആരോഗ്യസ്ഥിതി നല്ലതല്ലാത്തതിനാല് കഴിഞ്ഞ കുറച്ചേറെ കാലങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് വിശ്രമജീവിതത്തിലായിരുന്നു. കവിയൂര്‍ പൊന്നമ്മ. നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സഹപ്രവര്‍ത്തകരും സിനിമാലോകവും.

അതേ സമയം അമ്മയുടെ അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വിവരമറിഞ്ഞ് അമേരിക്കയിലുള്ള ഏകമകള്‍ ബിന്ദു അമ്മയെ കാണാന്‍ നാട്ടിലെത്തിയെങ്കിലും മടങ്ങി പോയി. അടുത്ത കാലത്തായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തില്‍ നടിയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ചെറിയ പ്രായത്തില്‍ മലയാള സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. വര്‍ഷങ്ങളായി അമ്മ കഥാപാത്രങ്ങളാണ് നടി ചെയ്തിരുന്നത്. സൂപ്പര്‍താരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ നടി മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരില്‍ ഒരാളായി മാറി.


Click it and Unblock the Notifications