'മലയാളിയായതിൽ അഭിമാനം കൊണ്ട നിമിഷം'; ഭാവനയെ നിറകൈയ്യടിയോടെ സ്വീകരിച്ചവരോട് ലിസി പറയുന്നു
തൊണ്ണൂറുകളിലും എൺപതുകളിലും മലയാളത്തിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു ലിസി. സഹനടി, സഹോദരി, നായിക എന്നീ നിലകളിൽ ലിസി മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്നു. അഭിനയ ജീവിതത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ് സംവിധായകൻ പ്രിയദർശനെ ലിസി വിവാഹം കഴിച്ചത്. വിവാഹശേഷം എല്ലാ നടിമാരെയും പോലെ ലിസിയും അഭിനയത്തിൽ നിന്ന് വിട്ടുനിന്നു. പിന്നീട് മക്കളെ നോക്കി വീട്ടമ്മയായി ലിസി ഒതുങ്ങി. ലിസി കുടുംബജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകി. എന്നാൽ 2016 ൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ദമ്പതികളായ ലിസിയും പ്രിയദർശനും നിയമപരമായി വിവാഹമോചനം നേടി.
നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ച സൂപ്പർസ്റ്റാറിന്റെ വിവാഹമോചന വാർത്ത അന്ന് ആരാധകരെയടക്കം എല്ലാവരേയും ഞെട്ടിച്ചു. ഗാർഹിക പീഡനത്തിനടക്കം ലിസി പ്രിയദർശനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയും അച്ഛനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും വിവാഹബന്ധം വേർപെടുത്തിയത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും മകളും നടിയുമായ കല്യാണി പരസ്യമായി പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം ലിസി അഭിനയരംഗത്തേക്ക് തിരിച്ച് വന്നു. ചാൽ മോഹൻ രംഗ എന്ന സിനിമയിൽ നായിക മേഘാ ആകാശിന്റെ അമ്മയായി ലിസി അഭിനയിച്ച് കൊണ്ടായിരുന്നു ലിസിയുടെ തിരിച്ചുവരവ്.

യോഗ, ഫിറ്റ്നസ് തുടങ്ങിയവയില്ലെല്ലാം ശ്രദ്ധകൊടുത്ത് അതിന് പുറകെ സഞ്ചരിക്കുകയാണ് ഇപ്പോൾ ലിസി. 2017ൽ ലിസി ചെന്നൈയിൽ ഡബ്ബിംഗ് സ്റ്റുഡിയോ തുറന്നിരുന്നു. റസൂൽ പൂക്കുട്ടിയുമായി ചേർന്നാണ് പുതിയ സംരഭം ലിസി ആരംഭിച്ചത്. ലിസി ലക്ഷ്മി ഡബ്ബിംഗ് സ്റ്റുഡിയോസ് എന്നാണ് സ്റ്റുഡിയോയ്ക്ക് താരം പേരിട്ടത്. തന്റെ സ്വകാര്യതയിൽ മാധ്യമങ്ങൾ അമിതമായി കടന്ന് കയറുന്നതിലും തുറന്നടിച്ചിട്ടുള്ള വ്യക്തിയാണ് ലിസി. പ്രിയദർശനുമായി ലിസി വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന വാർത്തകൾ വന്നപ്പോൾ വളരെ രോഷത്തോടെയാണ് ഗോസിപ്പുകൾ പ്രചരിക്കുന്ന മാധ്യമങ്ങൾക്ക് നേരെ ലിസി രംഗത്തെത്തിയത്. തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നാണ് രോഷം പൂണ്ട് ലിസി കുറിച്ചത്. സമൂഹമാധ്യമങ്ങളിലും സജീവമായ ലിസി സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ മടി കാണിക്കാറില്ല. അത്തരത്തിൽ ലിസി കഴിഞ്ഞ മണിക്കൂറിൽ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം ആരംഭിച്ച കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഭാവനയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചതിനെ പ്രശംസിച്ചാണ് ലിസി കുറിപ്പ് പങ്കുവെച്ചത്. മലയാളി ആയതിൽ അഭിമാനം തോന്നുന്ന അപൂർവ നിമിഷം എന്നാണ് ലിസി സോഷ്യൽ മീഡിയയിൽ കുറിച്ചത്. '26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നൽകിയ മുഴുവൻ സംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. എഴുന്നേറ്റ് നിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം.... ഒരു മലയാളിയെന്ന നിലയിൽ അഭിമാനം തോന്നുന്ന അപൂർവം ചില നിമിഷങ്ങളാണ് ഇത്...' ലിസി കുറിച്ചു. മേളയുടെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത അതിഥിയായാണ് ഭാവന എത്തിയത്. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റിൽ ഭാവന ഉണ്ടായിരുന്നില്ല.

ഐഎഫ്എഫ്കെ വേദിയിൽ എത്തിയ പോരാട്ടിന്റെ പെൺ പ്രതീകം എന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം തിരി തെളിക്കാൻ എത്തിയ ഭാവനയെ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. അപൂർവ നിമിഷത്തിന് ശേഷം സോഷ്യൽമീഡിയ മുഴുവൻ നിറഞ്ഞ് നിന്നത് ഭാവനയായിരുന്നു. അതേസമയം ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ പോവുകയാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കിയത്.


Click it and Unblock the Notifications