'അമ്മയുടെ നിർബന്ധമായിരുന്നു, കരഞ്ഞ് വിളിച്ചാണ് പോയത്'; മിസ് കേരള ഫിറ്റ്നസ് അനുഭവം പങ്കുവെച്ച് നടി മിയ!
പാലായിൽ നിന്നും മലയാളം സിനിമയിലേക്ക് എത്തിയ നായിക വസന്തമാണ് നടി മിയ ജോർജ്. പത്താം ക്ലാസിൽ പഠിക്കുമ്പോേൾ അൽഫോൺസാമ്മ എന്ന സീരിയലിൽ മാതാവിന്റെ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. മെലിഞ്ഞ് വെളുത്ത കൊച്ചു സുന്ദരി പിന്നീട് അൽഫോൺസാമ്മയിലെ മാതാവിന്റെ വേഷത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്നു. സ്കൂളിൽ വന്ന ഓഡീഷൻ വഴിയാണ് മിയ അൽഫോൺസാമ്മ സീരിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മിയയുടെ പപ്പ മുംബൈയിൽ എഞ്ചിനീയറായിരുന്നത് കൊണ്ട് മിയ ജനിച്ചതും കുഞ്ഞുനാൾ ചെലവഴിച്ചതും അവിടെയിരുന്നു. പിന്നീടാണ് മിയ മാതാപിതാക്കൾക്കൊപ്പം പാലായിൽ താമസമാക്കിയത്.
നടി എന്നതിലുപരി നല്ലൊരു മോഡലും ഗായികയുമെല്ലാമാണ് മിയ. അൽഫോൺസാമ്മയ്ക്ക് ശേഷവും നിരവധി സീരിയൽ അവസരങ്ങൾ മിയയെ തേടിയെത്തി. കുഞ്ഞാലി മരക്കാർ, വിശുദ്ധ ചാവറയച്ചൻ, വേളങ്കണ്ണി മാതാവ് എന്നിവയാണ് പിന്നീട് മിയ അഭിനയിച്ച സീരിയലുകൾ. നായിക ആയി അരങ്ങേറുന്നതിന് മുമ്പ് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ മിയ പ്രത്യക്ഷപ്പെട്ടിരുന്നു. ചേട്ടായീസ് എന്ന ബിജു മേനോൻ സിനിമയിലൂടെയാണ് മിയ നായികയായത്.
Also Read: 'ഇതെല്ലാം ഊഹിച്ചിരുന്നു, നിങ്ങൾ കാടുകയറി ചിന്തിച്ചതിന് ഞാൻ എന്തുവേണം?'; ഡിവോഴ്സ് ചർച്ചകളോട് പ്രിയങ്ക

ജിമി ജോർജ് എന്ന പേര് ചേട്ടായീസിലെ നായികയ്ക്ക് ചേർന്നത് അല്ലെന്ന് പറഞ്ഞ് സിനിമയുടെ അണിയറപ്രവർത്തകരാണ് മിയ എന്ന് പേര് മാറ്റാൻ നിർദേശിച്ചത്. പേരും നായികയും പിന്നീട് മലയാള സിനിമയിൽ തിളങ്ങി. പക്ഷെ പ്രിയപ്പെട്ടവർക്കും മിയ ഇപ്പോഴും ജിമിയാണ്. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാമിൽ അതിഥിയായി എത്തിയ താരം മിസ് കേരള അനുഭവങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 'ഞങ്ങൾ രണ്ട് പെൺമക്കളാണ്. വീട്ടിൽ ആൺക്കുട്ടികൾ ഇല്ലാത്തതിനാൽ എന്നെ ആൺക്കുട്ടിയെപ്പോലെയാണ് കൊണ്ട് നടന്നിരുന്നത് അതുകൊണ്ട് ചെറുപ്പത്തിൽ ഞാനൊരു ടോം ബോയി ആയിരുന്നു' മിയ പറയുന്നു.

മിസ് കേരള ഫിറ്റ്നസിലേക്ക് മത്സരിച്ചത് അമ്മയുടെ നിർബന്ധപ്രകാരമായിരുന്നുവെന്നും മിയ വെളിപ്പെടുത്തുന്നു. 'പത്രത്തിൽ പരസ്യം കണ്ട് മമ്മിയാണ് എന്റെ ഫോട്ടോയും പേരും വെച്ച് കത്ത് അയച്ചത്. സെലക്ഷൻ കിട്ടിയപ്പോഴാണ് എന്നോട് പറഞ്ഞത്. മത്സരത്തിൽ പങ്കെടുക്കാൻ കൊച്ചിക്ക് പോണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. മത്സരത്തിൽ പങ്കെടുക്കാൻ പോകില്ലെന്ന് പറഞ്ഞ് വാശി പിടിച്ച് കരഞ്ഞു. പിന്നീട് അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് പോയത്. കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. കിട്ടണമെന്ന താൽപര്യവും ഉണ്ടായിരുന്നില്ല. പല ഘട്ടങ്ങളുണ്ടായിരുന്നു. എങ്ങനെയോ അവസാന അഞ്ചിൽ എത്തി. ഫൈനൽ സ്റ്റേജിൽ നിൽക്കുമ്പോഴാണ് മിസ് കേരള കിട്ടിയാൽ കൊള്ളാമായിരുന്നുവെന്ന് എനിക്ക് തോന്നിയതും ആഗ്രഹിക്കാൻ തുടങ്ങിയതും. അവസാനം വിന്നറായപ്പോൾ ചക്കയിട്ടപ്പോൾ മുയൽ ചത്തപ്പോലെയായി' മിയ പറയുന്നു.
Recommended Video

മകനൊപ്പമാണ് ഇപ്പോൾ സമയം ചെവലഴിക്കുന്നതെന്നും അവന് പാട്ടുകേൾക്കുന്നത് വളരെ ഇഷ്ടമാണെന്നും മിയ പറയുന്നു. വാതിക്കല് വെള്ളരിപ്രാവ് മകന് വേണ്ടി വെറുതെ ഇരുന്നപ്പോൾ പാടിയതാണെന്നും മിയ പറയുന്നു വൈറലാകുമെന്ന് കരുതിയില്ലെന്നും മിയ പറയുന്നു. ഏറ്റവും അവസാനം റിലീസ് ചെയ്ത മിയയുടെ സിനിമകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസാണ്. സുരാജിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിൽ മിയ അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് മിയ. വ്യവസായിയായ അശ്വിൻ ഫിലിപ്പാണ് മിയയെ വിവാഹം ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും ലൂക്ക എന്ന ആൺകുഞ്ഞ് പിറന്നത്.


Click it and Unblock the Notifications











