അറപ്പുളവാക്കുന്ന പരമാര്‍ശം, ഇടവേള ബാബുവിനെ തിരത്താനാവില്ല, ഞാന്‍ രാജി വയ്ക്കുന്നു എന്ന് പാര്‍വ്വതി
താരസംഘടനയായ എ എം എം എ യില്‍ നിന്ന് പാര്‍വ്വതി തിരുവോത്ത് രാജിവച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പാര്‍വ്വതി അറിയിച്ചത്. അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ പരമാര്‍ശത്തെ തുടര്‍ന്നാണ് പാര്‍വ്വതിയുടെ രാജി.
Recommended Video
നിലവിലെ സാഹചര്യത്തില്‍ നിന്ന് മലയാള സിനിമയെ രക്ഷിക്കാന്‍ താര സംഘടന നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ ആക്രമിയ്ക്കപ്പെട്ട ആ നടി ഉണ്ടാവുമോ എന്ന ചോദ്യത്തോടുള്ള ഇടവേള ബാബുവിന്റെ പരമാര്‍ശത്തിനെതിരെ നേരത്തെ പാര്‍വ്വതി രംഗത്ത് വന്നിരുന്നു. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ ആകില്ല, രാജി വച്ചുപോയവരും ഉണ്ടാവില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി.
ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്ന നാണം കെട്ട പരമാര്‍ശം എന്ന് പറഞ്ഞുകൊണ്ട് നേരത്തെ പാര്‍വ്വതി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് രാജി അറിയിച്ചത്. 2018 ല്‍ എന്റെ സുഹൃത്തുക്കള്‍ എ എം എം എ യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ താന്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്, തകര്‍ന്നുകൊണ്ടിരിയ്ക്കുന്ന സിസ്റ്റത്തിനകത്ത് നിന്നുകൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ച് പേരെങ്കിലും വേണം എന്ന് തോന്നിയത് കൊണ്ടാണെന്ന് പാര്‍വ്വതി പറയുന്നു.

എന്നാല്‍ എ എം എം എയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിന് ശേഷം, സംഘടനയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഞാന്‍ ഉപേക്ഷിക്കുന്നു. ഈ സംഘടനയെ തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തിക്കൊണ്ട് അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മിസ്റ്റര്‍ ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിയ്ക്കുന്ന അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണുള്ളത്. മാധ്യമങ്ങള്‍ ഈ പരമാര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റ് പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും നിങ്ങള്‍ കൈകാര്യം ചെയ്ത അതേ മോശമായ രീതിയില്‍ തന്നെയാണ് ഇതും സംഭവിയ്ക്കുക എന്ന് എനിക്കുറപ്പുണ്ട്.
ഞാന്‍ എ എം എം എയില്‍ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജിവയ്ക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്നു. മനസാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ഞാന്‍ ആകാംക്ഷയോടെ നോക്കി കാണുന്നു- എന്നാണ് പാര്‍വ്വതി തിരുവോത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Click it and Unblock the Notifications











