പാമ്പിനെ കൈവെളളയില്‍ വെച്ച് പ്രവീണ! അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്ന് ആരാധകര്‍
സിനിമാ സീരിയല്‍ നടി പ്രവീണ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ്. നായികയായും സഹനടിയായുമൊക്കെയാണ് പ്രവീണ മലയാളത്തില്‍ തിളങ്ങിയത്. നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം പ്രവീണ പങ്കുവെച്ചിരിക്കുന്നത്.
Recommended Video
ചിത്രത്തില്‍ ഒരു കുഞ്ഞന്‍ പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുകയാണ് പ്രവീണ. നിരവധി പേരാണ് പ്രവീണയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇനി വാവ സുരേഷ് വീട്ടിലിരിക്കേണ്ടി വരുമോ, മോളെ സൂക്ഷിക്കണേ, അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ എന്നിങ്ങനെയാണ് പ്രവീണയുടെ ചിത്രത്തിന് താഴെ കമന്റുകള്‍ വന്നിരിക്കുന്നത്.

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്പിനെ കാണുന്നതെന്ന് പറഞ്ഞ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലും നടി ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പാമ്പിനൊപ്പമുളള ചിത്രത്തിന് പിന്നാലെ വീഡിയോയും പങ്കുവെക്കുമെന്ന് നടി അറിയിച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത് പ്രവീണയും മറ്റു താരങ്ങളെ പോലെ വീട്ടില്‍ തന്നെയാണ്. സിനിമകളിലും സീരിയലുകളിലും തിളങ്ങിയ നടിക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരമാണ് പ്രവീണക്ക് ലഭിച്ചത്. 1998ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി, 2008ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് നടിക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നത്.

മമ്മൂട്ടി നായകനായ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ദിലീപ്, ശാലിനി, ശോഭന തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രവീണ അഭിനയിച്ചിരുന്നു. മലയാളത്തില്‍ കാളിദാസ് ജയറാം നായകനായ ഹാപ്പി സര്‍ദാറാണ് പ്രവീണയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

തെലുങ്കില്‍ ഭീഷ്മ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. മലയാളത്തില്‍ സുമേഷ് ആന്‍ഡ് രമേഷ് ആണ് പ്രവീണയുടെതായി റീലിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. 20 വര്‍ഷത്തിലധികമായി കലാരംഗത്ത് സജീവമായ താരമാണ് പ്രവീണ. നിരവധി സിനിമകളിലും മെഗാസീരിയലുകളിലും തന്റെ കരിയറില്‍ നടി അഭിനയിച്ചിരുന്നു. നാഷണല്‍ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭര്‍ത്താവ്. ഗൗരി എന്നാണ് പ്രവീണയുടെയും പ്രമോദിന്റെയും മകളുടെ പേര്.


Click it and Unblock the Notifications











