നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് അയച്ചിട്ടില്ല! ആരോപിക്കുന്ന ചിത്രങ്ങളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് നടി രേവതി
നടന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വന്നതിനൊപ്പം നടി രേവതിയും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചെത്തിയ ഒരു യുവാവാണ് രേവതിയുടെ പേര് കൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറയുന്നത്. തന്റെ നഗ്നചിത്രങ്ങള്‍ നടി രേവതിയ്ക്ക് സംവിധായകന്‍ അയച്ച് കൊടുത്തു എന്നായിരുന്നു യുവാവിന്റെ ആരോപണം.
എന്നാല്‍ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ പാടെ തള്ളി കളഞ്ഞിരിക്കുകയാണ് നടി രേവതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് ഈ ദിവസങ്ങളില്‍ തന്നെ കുറിച്ച് വന്ന വാര്‍ത്തകളെ കുറിച്ചും യുവാവിന്റെ ആരോപണത്തിനുമുള്ള മറുപടി നടി നല്‍കിയത്.

'രഞ്ജിത്തിനെയും എന്നെയും ഉള്‍പ്പെടുത്തി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്ക് അറിയാം. എന്നാല്‍ ഇത്തരത്തില്‍ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യവുമില്ല', എന്നുമാണ് രേവതി പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന ആദ്യ ദിവസങ്ങളില്‍ തന്നെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ആദ്യം ബംഗാളി നടിയാണ് പരാതിയുമായി എത്തിയത്. പിന്നാലെ ഒരു യുവാവും രംഗത്ത് എത്തിയിരുന്നു. ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി.
2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് സംവിധായകന്‍ രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും അന്ന് താന്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു എന്നും യുവാവ് പറഞ്ഞു.
പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും മദ്യം നല്‍കിയ ശേഷം ക്രൂരമായി പീഡിപ്പിച്ചു. മാത്രമല്ല തന്റെ നഗ്‌ന ചിത്രം പകര്‍ത്തി പലര്‍ക്കും അയച്ചു കൊടുക്കുകയും അതിലൊരാള്‍ രേവതിയാണെന്നും യുവാവ് ആരോപിച്ചിരുന്നു.

യുവാവിന്റെ പ്രതികരണം പുറത്ത് വന്നതോടെ നടി രേവതിയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ ചെയ്യുന്ന തലത്തിലേക്കും കാര്യങ്ങള്‍ എത്തി. ഇതിന് പിന്നാലെയാണ് വാര്‍ത്തയില്‍ വിശാദംശവുമായി നടി രേവതി തന്നെയിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയം മുതല്‍ മലയാളത്തിലെ നടിമാര്‍ക്ക് വേണ്ടി നിലകൊണ്ട നടിയാണ് രേവതി. രേവതിയുടെ നേതൃത്വത്തില്‍ പ്രമുഖ നടിമാരും ചേര്‍ന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും തുടങ്ങിയത്. അന്ന് മുതലുള്ള പോരാട്ടത്തിനൊടുവിലാണ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.
റിപ്പോര്‍ട്ടിലെ പകുതി താരങ്ങള്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളാണെങ്കില്‍ ബാക്കി പകുതി ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന മറ്റ് പ്രശ്‌നങ്ങളാണെന്നാണ് രേവതി പറഞ്ഞത്. അതും വലിയ രീതിയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടണമെന്നും വാര്‍ത്ത പ്രധാന്യം കുറയുന്നതിന് അനുസരിച്ച് ഇത് തമസ്‌കരിക്കപ്പെടരുതെന്നുമാണ് മറ്റൊരു അഭിമുഖത്തില്‍ രേവതി പറഞ്ഞത്.


Click it and Unblock the Notifications











