സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ ഉപയോഗിക്കുന്ന രീതി ഇവിടെ തുടങ്ങി കഴിഞ്ഞു! സംഘടിത ആക്രമണമുണ്ടെന്ന് നടി രേവതി
ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചും മറ്റുമായി മലയാള സിനിമയില്‍ നിരവധി വെളിപ്പെടുത്തലുകളാണ് ഉണ്ടാവുന്നത്. പ്രമുഖര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണം വന്നത്. ഇതിനിടയില്‍ നടി രേവതിയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച വ്യക്തിയാണ് രേവതിയെ കുറിച്ചും സംസാരിച്ചത്.
എന്നാല്‍ സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതികളും ഇവിടെ നടക്കുന്നുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും പുറത്ത് വരുന്ന വെളിപ്പെടുത്തലുകളെ കുറിച്ചും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് രേവതി തുറന്ന് സംസാരിച്ചത്.

പണവും പ്രശസ്തിയും ഉള്ളയിടത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികം. അവിടെ പ്രബലരും ദുര്‍ബലരും ഉണ്ടാവും. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നൂറ്റാണ്ടുകളായി നടക്കുന്നതാണ്. വെറും ആരോപണങ്ങളില്‍ ഈ മുന്നേറ്റം ഒടുങ്ങരുതെന്നാണ് എന്റെ ആഗ്രഹമെന്ന് രേവതി പറയുന്നു.
കുറച്ചാളുകള്‍ ചില പേരുകള്‍ വെളിപ്പെടുത്തി. ചര്‍ച്ചകള്‍ വന്നു. അടുത്ത ദിവസം വേറൊരു കാര്യം സംഭവിച്ചു. അതോടെ ഇക്കാര്യത്തിന്റെ പ്രധാന്യം കുറഞ്ഞു. അങ്ങനെ ആവരുത് ഇതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശ്രദ്ധേയോടെ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകണം. ഡബ്ല്യൂസിസി എന്ന ഞങ്ങളുടെ കൂട്ടായ്മ വളരെ ചെറിയൊരു കൂട്ടായ്മയാണ്.
സര്‍ക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല. എല്ലാവരും ഒപ്പം നിന്നാലെ കാര്യങ്ങള്‍ നടക്കുകയുള്ളു. എല്ലാ സംഘടനകളും അതിനായി മുന്‍പോട്ട് വരണം. അതിനാണ് ഞങ്ങള്‍ അഹോരാത്രം പണിയെടുക്കുന്നതെന്ന് നടി സൂചിപ്പിക്കുന്നു.

മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റിയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ടിലെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കില്‍ മറു പകുതി ഇന്‍ഡസ്ട്രിയിലെ മറ്റ് പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നമ്മള്‍ കണ്ടുവരുന്നതാണ്. അതും ഇവിടെ തുടങ്ങി കഴിഞ്ഞു.
മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട് ഇതൊരു പ്രധാനപ്പെട്ട മൂവ്‌മെന്റാണെന്നാണ് രേവതി ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications











