പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആ 2 സിനിമകള്‍ പ്രിയപ്പെട്ടതാണെന്ന് റോമ! ഇടവേളയ്ക്ക് കാരണം ഇതായിരുന്നു!
തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ നായികമാരിലൊരാളാണ് റോമ. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വരവ്. സാറ എലിസബത്ത് എന്ന കഥാപാത്രത്തെയായിരുന്നു റോമ അവതരിപ്പിച്ചത്. നായികയായി മാറിയതോടെ റോമയുടെ കരിയറും മാറി മറിയുകയായിരുന്നു. നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മിന്നലഴകേ എന്ന ആല്‍ബത്തിലും റോമ അഭിനയിച്ചിരുന്നു.
ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം വെള്ളേപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. പ്രവീൺ രാജ് പൂക്കാടൻ എന്ന പുതുമുഖ സംവിധായകന്റെ വെള്ളേപ്പം എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. സാറ എന്ന കഥാപാത്രമാണ്. മൂന്നു വർഷത്തിന് ശേഷമാണ് താന്‍ മലയാളത്തിൽ അഭിനയിക്കുന്നതെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇടവേളയ്ക്ക് കാരണം
സിനിമയില്‍ നിന്നും മാറിനിന്നിരുന്ന സമയത്ത് പലരും വിളിച്ചിരുന്നു. മുന്‍നിര താരങ്ങളും അണിയറപ്രവര്ത്തകരുമൊക്കെയുള്ള സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നു. എന്നാല്‍ അഭിനയപ്രാധാന്യമില്ലാത്ത തരത്തിലായിരുന്നു കഥാപാത്രം. പതിവ് രീതിയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്പര്യമില്ലായിരുന്നു. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട് തനിക്കെന്ന് താരം പറയുന്നു.

ഇഷ്ട സിനിമകള്‍
എന്റെ കഥാപാത്രം എത്രമാത്രം കരുത്തുറ്റതാണെന്നും അർത്ഥവത്താണെന്നും നോക്കിയേ ഞാൻ ചാടിവീഴൂ. നോട്ട്ബുക്കും ചോക്ലേറ്റും ലോലിപോപ്പുമൊക്കെ എന്റെ ഇഷ്ടസിനിമകളാണ്. ഞാൻ എന്റെ ജീവിതം പ്ളാൻ ചെയ്യാറില്ല. സിനിമയുടെ കാര്യവും അതുപോലെയാണ്.സിനിമയും പാട്ടും നൃത്തവും പോലെ എന്റെ പാഷനാണ് യാത്രകളും . സിനിമയിൽ ഒരേപോലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുത്തപ്പോൾ ഇടയ്ക്ക് ചില യാത്രകള്‍ നടത്തിയിരുന്നു.
Recommended Video

മലയാളത്തോടുള്ള ഇഷ്ടം
അഭിനയിക്കുന്നെങ്കിൽ അത് മലയാള സിനിമയിലെ ഉള്ളൂ. ഞാൻ വന്നതും നിന്നതും സ്നേഹിക്കുന്നതും മലയാള സിനിമയെയാണ്. പണം മാത്രമല്ല പ്രധാനം. അംഗീകരിക്കപ്പെടുക എന്നതാണ് വലിയ കാര്യം. വീട് ബാംഗ്ളൂരാണ്. പക്ഷേ മലയാളം ഞാൻ നന്നായി സംസാരിക്കും. എനിക്ക് ഭയങ്കര ഇഷ്ടമാണ് കേരളം. മലയാളികൾക്ക് എന്നോടും ഒരുപാട് ഇഷ്ടമാണ്. ദൈവത്തിന്റെ ഈ സ്വന്തം നാടാണ് എനിക്ക് ഭാഗ്യങ്ങൾ തന്നത്. കേരളത്തിലെത്തുമ്പോൾ സ്വന്തം വീട്ടിൽ എത്തിയതുപോലെയാണ്.

സിനിമയിലേക്കുള്ള വരവ്
ചെന്നൈയിലാണ് വളര്‍ന്നത്. സിനിമയിലെത്തും മുൻപ് മോഡലിംഗിൽ സജീവമായിരുന്നു. അതിനിടയിലാണ് 2005-ൽ ഞാൻ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. എങ്കിലും സിനിമയാണ് എന്റെ കരിയർ എന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നില്ല. ഞാൻ അതിൽ കൂടുതൽ ശ്രദ്ധിച്ചതുമില്ല. എന്റെ ഫോട്ടോ കണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ് അടുത്ത സിനിമയിലേക്ക് നായികയായി ക്ഷണിച്ചെന്ന് അറിയിച്ചു. അന്ന് മലയാളമൊന്നും അറിയുമായിരുന്നില്ല.

സൈറയെപ്പോലെ
ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളിലും ഒരു പരിധി വരെ യഥാർത്ഥ ഞാൻ ഉണ്ട്. ‘നോട്ട്ബുക്കി'ലെ സൈറയെ പോലെ ഞാനും ഊട്ടിയിൽ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. സൈറയെ പോലെ അടുത്ത കൂട്ടുകാർ എനിക്കും ഉണ്ടായിരുന്നു. സൈറയെ പോലെ മൂല്യങ്ങൾ ഉള്ള പെൺകുട്ടിയാണ് ഞാനും. അങ്ങനെ ചില കഥാപാത്രങ്ങളിലും എനിക്ക് എന്നെ കാണാനായിട്ടുണ്ടെന്ന് താരം പറയുന്നു. അമ്മയാണ് റോമയുടെ റോള്‍ മോഡല്‍.

ഗോസിപ്പും ആരോപണങ്ങളും
എല്ലാം വെട്ടിത്തുറന്ന് പറയുന്ന തരത്തിലുള്ള സ്വഭാവമാണ്. അതിനാല്‍ത്തന്നെ ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്. ചെയ്യുന്ന ജോലിയോട് അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത പുലര്‍ത്താറുണ്ട്. വിയോജിപ്പുകളുള്ള കാര്യങ്ങളുണ്ടെങ്കില്‍ അതേക്കുറിച്ച് കൃത്യമായി പ്രതികരിക്കാറുമുണ്ട്. തുടക്കത്തില്‍ ഗോസിപ്പുകള്‍ കേട്ടപ്പോള്‍ വിഷമിച്ചിരുന്നു. അതിലൊന്നും ഒരു കാര്യവും ഇല്ലെന്ന് മനസ്സിലാക്കിയത് പിന്നീടാണെന്നും റോമ പറയുന്നു.


Click it and Unblock the Notifications











