മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റോമയുടെ തിരിച്ചുവരവ്! വൈറലായി വെളേളപ്പം മേക്കിങ് വീഡിയോ
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി റോമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്. നോട്ട്ബുക്കിന് പിന്നാലെ സൂപ്പര്‍ താരങ്ങളുടെ നായികയായെല്ലാം റോമ മോളിവുഡില്‍ തിളങ്ങിയിരുന്നു. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരുടെ നായികയായെല്ലാം റോമ അഭിനയിച്ചിരുന്നു.

ഒരുകാലത്ത് മലയാളത്തില്‍ സജീവമായിരുന്ന താരം കുറച്ചുവര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലായിരുന്നു. അതേസമയം ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് നടി തിരിച്ചെത്തിയിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോമ ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ തിരിച്ചെത്തുന്നത്.
ചിത്രത്തില്‍ നായകനായ അക്ഷയ് രാധാകൃഷ്ണന്റെ സഹോദരിയായിട്ടാണ് നടി എത്തുന്നത്. വേളേളപ്പത്തിന്റെതായി പുറത്തിറങ്ങിയ പുതിയ മേക്കിങ് വീഡിയോയില്‍ റോമയും തിളങ്ങിയിരുന്നു. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് സിനിമയില്‍ റോമ എത്തുന്നത്. നൂറിന്‍ ഷെരീഫാണ് വെളേളപ്പത്തില്‍ അക്ഷയുടെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, കൈലാഷ്, സാജിദ് യാഹിയ, വൈശാഖ് രാജന്‍, ഫായിഎം, ശ്രീജിത്ത് രവി, അലീന, ക്ഷമ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പി വെങ്കിടേഷാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്.
രഞ്ജിത്ത് ടച്ച്‌റിവര്‍ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും കൈകാര്യം ചെയ്യുന്നു. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് സിനിമ ഒരുങ്ങുന്നത്. അതേസമയം മലയാളത്തില്‍ പതിനഞ്ചിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് റോമ. യുവതാരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം വിജയമായി മാറിയിരുന്നു. ജയറാം നായകനായ സത്യ എന്ന ചിത്രത്തിലായിരുന്നു റോമ ഒടുവില്‍ അഭിനയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും റോമ തിളങ്ങിയിരുന്നു.
നായികാ വേഷങ്ങള്‍ക്ക് പുറമെ സഹനടിയായും റോമ തിളങ്ങിയിരുന്നു. ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളിലും അഭിനയിച്ചിരുന്നു നടി. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ നടിക്ക് മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം. മുന്‍പ് പൃഥ്വിരാജിന്റെ നായികയായി റോമ അഭിനയിച്ച ചോക്ലേറ്റ് വലിയ തരംഗമായി മാറിയ സിനിമയാണ്. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായിരുന്ന ചോക്ലേറ്റ് ഷാഫിയാണ് സംവിധാനം ചെയ്തിരുന്നത്.


Click it and Unblock the Notifications











