എനിക്ക് വേഗം ഗര്‍ഭിണിയാവണമെന്ന് മമ്മിയോട് പറഞ്ഞു! കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത്- നടി ഷംന കാസിം
മലയാളികള്‍ക്ക് ഷംനയും തെലുങ്കിലും തമിഴിലും പൂര്‍ണയായിട്ടും അറിയപ്പെടുന്ന നടിയാണ് ഷംന കാസിം. ചെറുതും വലുതുമായിട്ട് അനേകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമാണ്. എന്നാല്‍ ഗര്‍ഭിണിയായി അഭിനയിച്ചതിന് ശേഷം തനിക്ക് വന്ന ആഗ്രഹത്തെ കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോള്‍.
മിഷ്‌കിന്‍ തിരക്കഥ ഒരുക്കി നിര്‍മ്മിച്ച സവരക്കത്തി എന്ന ചിത്രമാണ് തന്റെ കരിയറില്‍ ഒരു വഴിത്തിരിവുണ്ടാക്കിയതെന്നാണ് ഷംന പറയുന്നത്. അതുവരെ ഗ്ലാമറസ് നായികയായി സിനിമ ചെയ്യണമെന്ന തന്റെ സങ്കല്‍പ്പങ്ങളൊക്കെ മാറിയത് അദ്ദേഹത്തിന്റെ കഥാപാത്രം കാരണമാണ്. മാത്രമല്ല ഗര്‍ഭിണിയായി അഭിനയിച്ചതോടെ ശരിക്കും അങ്ങനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി നടി പറയുന്നു. ഷംന അഭിനയിച്ച പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് നടി മനസ് തുറന്നത്.

ഇന്നും ഞാന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം സംവിധായകന്‍ മിഷ്‌കിന്‍ ആണ്. എല്ലായിപ്പോഴും അഭിനയിക്കണമെന്ന ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്. നീ മെലിഞ്ഞിരുന്നാലും തടിച്ച് ഇരുന്നാലും ഇനി കല്യാണം കഴിച്ച് പോയാലുമൊക്കെ അഭിനയിക്കണം. കാരണം നീയെന്നും ഒരു നടിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എപ്പോഴും നായിക വേഷം ചെയ്യാതെ ക്യാരക്ടര്‍ റോളുകള്‍ കൂടി ചെയ്യണമെന്ന് പറഞ്ഞ് തന്നതും മിഷ്‌കിന്‍ ആണ്.
ഇനി സിനിമ വേണ്ട, ഡാന്‍സ് മാത്രം മതി എന്നൊക്കെയുള്ള തീരുമാനങ്ങള്‍ ഞാന്‍ പലപ്പോഴും എടുത്തിട്ടുണ്ട്. സിനിമയില്‍ വന്ന സമയത്ത് ഞാന്‍ കുറച്ച് ഇടവേളകള്‍ എടുത്തിരുന്നു. അഭിനയിക്കുന്ന സിനിമകളൊന്നും എനിക്ക് വര്‍ക്ക് ആവുന്നത് പോലെ തോന്നിയിരുന്നില്ല. എത്രയൊക്കെ സിനിമകള്‍ ചെയ്താലും ഒരു നടിയ്ക്ക് വേണ്ടത് ഹിറ്റാണ്. നമ്മള്‍ വളരെ പ്രതീക്ഷയോടെ ചെയ്ത സിനിമകളൊന്നും ഹിറ്റാവുന്നുമില്ല.

അതോടെ ഞാന്‍ വളരെ വിഷമത്തിലായി. ഇനി സിനിമ പോലും വേണ്ടെന്ന് തീരുമാനിച്ചു. എന്നാല്‍ ആ ചിന്തകളൊക്കെ മാറ്റിയെടുത്തത് സവരക്കത്തി എന്ന ചിത്രമാണ്. ആ സിനിമയിലൂടെ എനിക്കൊരു കുടുംബത്തെ തന്നെ കിട്ടി. സത്യത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പല നടിമാരും അതുപോലൊരു വേഷം ചെയ്യുമായിരുന്നില്ല. രണ്ട് കുട്ടികളുടെയും അമ്മയും ഗര്‍ഭിണിയായ സ്ത്രീയായിട്ടുമൊക്കെയാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. സത്യത്തില്‍ ആ സമയത്ത് എത്രയും വേഗം ഗര്‍ഭിണിയാകണമെന്നായിരുന്നു എന്റെ ആഗ്രഹമെന്ന് ഷംന പറയുന്നു.
ആ സിനിമ കഴിഞ്ഞ ഉടനെ എനിക്കും ഗര്‍ഭിണിയാവണമെന്ന് ഞാനന്റെ മമ്മിയോട് പറഞ്ഞിരുന്നു. എന്നോട് വേഗം കല്യാണം കഴിക്കാനാണ് മമ്മി മറുപടി പറഞ്ഞത്. ഇപ്പോള്‍ ഗര്‍ഭകാലമൊക്കെ കഴിഞ്ഞപ്പോള്‍ എനിക്ക് എല്ലാം അനുഭവിക്കാന്‍ സാധിച്ചു. എന്നാല്‍ ആ ചിത്രീകരണത്തിനിടെ വയറൊക്കെ കെട്ടിവെച്ച് നടക്കുമ്പോള്‍ വേറൊരു ഫീലാണ് തോന്നിയിരുന്നത്.
ഇരുപ്പത്തിയഞ്ച് ദിവസമാണ് അങ്ങനെ അഭിനയിച്ചത്. ശേഷം ഈ പടം ഇത്ര വേഗം തീരേണ്ടതില്ലായിരുന്നു എന്ന് തോന്നി പോയി. ആ പടത്തിന്റെ ഷൂട്ടിങ്ങ് തീര്‍ന്നു, നാളെ മുതല്‍ അഭിനയിക്കാനില്ലെന്ന് തോന്നിയ വേറൊരു സിനിമയും ലൊക്കേഷനും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ഷംന പറയുന്നു.


Click it and Unblock the Notifications