നടി ശരണ്യ ശശിക്ക് വീണ്ടും ട്യൂമര്‍! ചികിത്സയ്ക്കായി പോവുന്ന താരത്തെ സഹായിക്കണമെന്ന് സഹപ്രവര്‍ത്തകര്‍
സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ശരണ്യ ശശി. പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരം കൂടിയാണ് ഇവര്‍. നാളുകള്‍ക്ക് മുന്‍പ് താരം ട്യൂമര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. വിദഗദ്ധ ചികിത്സയ്ക്ക് ശേഷം തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന വിവരം പങ്കുവെച്ച് താരമെത്തിയിരുന്നു. അസുഖം വീണ്ടും വില്ലനായി എത്തിയിരിക്കുകയാണെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാമൂഹ്യ പ്രവര്‍ത്തകനായ സൂരജ് പാലാക്കാരനാണ് ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാവുന്ന തരത്തിലുള്ള പോസ്റ്റുമായെത്തിയിട്ടുള്ളത്. അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് താരം കടന്നുപോവുന്നതെന്നും താരത്തെ സഹായിക്കണമെന്നും അദ്ദേഹം വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. അഭിനേത്രിയായ സീമ ജി നായരും താരത്തെ സഹായിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
6 വര്‍ഷം മുന്‍പ് ശരണ്യയ്ക്ക് ട്യൂമര്‍ വന്നിരുന്നു. അന്നൊക്കെ എല്ലാവരും സഹായിച്ചിരുന്നു. ഇപ്പോള്‍ ഓരോ വര്‍ഷവും ബ്രെയിന്‍ ട്യൂമര്‍ അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ വരികയും ഓപ്പറേഷന്‍ ചെയ്യുകയുമാണ്. 7 മാസം മുമ്പായിരുന്നു ആറാമത്തെ സര്‍ജറി നടത്തിയത്. ഇപ്പോള്‍ ഏഴാമത്തെ സര്‍ജറിക്കായി പോവുകയാണ്. ഇത്തവണ അവസ്ഥ അല്‍പ്പം ക്രിട്ടിക്കലാണ്. ഏകദേശം ഒരുവശം തളര്‍ന്നുപോകുന്ന ഒരവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. അവളായിരുന്നു ആ കുടുംബത്തിന്റെ അത്താണി. എല്ലാവരും താരത്തെ സഹായിക്കണമെന്നുമാണ് സീമ ജി നായര്‍ പറഞ്ഞത്.

ശരണ്യയുടെ അടുത്ത് നിന്നും വീഡിയോ പോസ്റ്റ് ചെയ്യണമെന്നായിരുന്നു തുടക്കത്തില്‍ താന്‍ കരുതിയതെന്നും എന്നാല്‍ കിടന്ന കിടപ്പ് മറ്റുള്ളവരെ കാണിച്ച് സഹതാപം പറ്റാന്‍ ആ കുട്ടിക്ക് വിഷമമുണ്ടെന്നും സൂരജ് പാലാക്കാരന്‍ പറയുന്നു. അവരുടെ അമ്മയുടെ നമ്പറും മറ്റ് വിവരങ്ങളും താന്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications