നടി ഷീല വിവാഹമോചിതയാവുന്നു! ഭര്‍ത്താവുമായി പിരിയുകയാണെന്ന് പ്രഖ്യാപിച്ച് കുമ്പളങ്ങിയിലെ താരം
തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും വിവാഹമോചന വാര്‍ത്തകളാണ് സ്ഥിരമായി വന്ന് കൊണ്ടിരിക്കുന്നത്. നാഗ ചൈതന്യ- സാമന്ത, ഐശ്വര്യ രജനികാന്ത്-ധനുഷ് തുടങ്ങി നിരവധി ദമ്പതിമാരാണ് അടുത്തിടെയാണ് വിവാഹജീവിതം അവസാനിപ്പിച്ച് സിംഗിളായി ജീവിക്കാന്‍ തീരുമാനിച്ചത്.
ഇപ്പോഴിതാ വീണ്ടുമൊരു വിവാഹമോചന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തമിഴ് നടി ഷീല രാജ്കുമാറാണ് താനും ഭര്‍ത്താവും വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. നടി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.

ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് തന്റെ ദാമ്പത്യം സംബന്ധിക്കുന്ന വലിയൊരു വെളിപ്പെടുത്തല്‍ ഷീല നടത്തിയിരിക്കുന്നത്. 'ഞാന്‍ വിവാഹജീവിതം അവസാനിപ്പിക്കുകയാണ്. നന്ദിയും സ്‌നേഹവും', എന്ന് മാത്രമാണ് ഷീല പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പം ഭര്‍ത്താവ് ചോളനെ നടി ടാഗ് ചെയ്തിട്ടുമുണ്ട്.
ഇതിന് പിന്നാലെ താരങ്ങളുടെ വേര്‍പിരിയലിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകര്‍. സഹസംവിധായകനായ തമ്പി ചോളനാണ് ഷീലയുടെ ഭര്‍ത്താവ്. നിലവില്‍ അഭിനയ ശില്‍പശാല നടത്താറുള്ള ചോളനും നടിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോര്‍ട്ടുകളൊന്നുമില്ല. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചിട്ട് അവസാനം ഇങ്ങനെയായോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.
തമ്പി ചോളന്‍ സംവിധാനം ചെയ്ത ഹ്രസ്യചിത്രത്തില്‍ നായികയായി അഭിനയിച്ചത് ഷീലയായിരുന്നു. അവിടെ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് വന്നതിനാല്‍ ഇരുവരും വീട്ടുകാരെയും അവഗണിച്ചാണ് വിവാഹിതരാവുന്നത്.

2014 ല്‍ ഒരു കടലിന്റെ പശ്ചാതലത്തില്‍ ബോട്ടിനകത്ത് വച്ചാണ് താരങ്ങളുടെ വിവാഹം നടത്തിയത്. പിന്നീട് സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരങ്ങള്‍. തമിഴില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഷീല മലയാളികള്‍ക്കും സുപരിചിതയാണ്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഷീല മലയാളത്തില്‍ ജനപ്രീതി നേടുന്നത്.
ചിത്രത്തില്‍ സൗബിന്റെ കഥാപാത്രം വീട്ടിലേക്ക് കൊണ്ട് വരുന്ന കൂട്ടുകാരന്റെ ഗര്‍ഭിണിയായ ഭാര്യയുടെ വേഷമായിരുന്നു ഷീല അവതരിപ്പിച്ചത്. കുമ്പളങ്ങിയിലെ ഷീലയുടെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാടകങ്ങളില്‍ അഭിനയിച്ചാണ് ഷീല വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ ആറാത്തുസിനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിക്കുന്നത്. ശേഷം ടൂ ലെറ്റ് എന്ന സിനിമയിലെ അമുദ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ നടി തമിഴ്‌നാട്ടിലും സജീവ സാന്നിധ്യമായി. ഈ വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങിയ ജിഗര്‍താണ്ഡ ഡബിള്‍ എക്‌സ് എന്ന സിനിമയില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചിരുന്നു. പിച്ചൈക്കാരന്‍ 2, നൂഡില്‍സ്, എസ്‌ജെ. മണ്ഡേല, ജ്യോതി, തുടങ്ങി നിരവധി സിനിമകളില്‍ ഷീല അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











