98 കോടി നഷ്ടപ്പെട്ട് ശില്‍പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
കഴിഞ്ഞ കുറച്ച് കാലങ്ങളായി ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. ബിസിനസുകാരനായ രാജ് കുന്ദ്ര അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചുവെന്നും അത് വില്‍പന നടത്തിയെന്നുമൊക്കെയുള്ള കേസില്‍ ജയിലില്‍ പോകേണ്ട സ്ഥിതി വന്നിരുന്നു. ഇപ്പോള്‍ വീണ്ടും താരങ്ങള്‍ക്കെതിരെ ഗുരുതരമായ കേസാണ് വന്നിരിക്കുന്നത്.
6,600 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ തട്ടിപ്പ് നടത്തി എന്ന കേസില്‍ ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്തുക്കള്‍ ഇ ഡി കണ്ടുക്കെട്ടി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഏകദേശം നൂറുകോടിയുടെ അടുത്ത് വരുന്ന സ്വത്തുക്കളാണ് താരദമ്പതിമാര്‍ക്ക് നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 6,600 കോടി രൂപ മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ ആരോപണ വിധേയരായ ശില്‍പയുടെ ഭര്‍ത്താവ് അടക്കം സ്വന്തമാക്കി എന്ന് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം മുടക്കിയവരെ കബളിപ്പിച്ചത്.
വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അന്തരിച്ച അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ക്കെതിരെ നിരവധി പരാതികളാണ് ഫയല്‍ ചെയ്തിരുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പൊലീസും ദില്ലി പൊലീസും ചേര്‍ന്നാണ് അന്വേഷം നടത്തിയത്. ശേഷം ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായി താരകുടുംബത്തിനടക്കം നടപടി എടുക്കുകയായിരുന്നു.

ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള മുംബൈ ജൂഹുവിലെ വീടും പൂനെയിലും ബംഗ്ലാവും രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികളും ഉള്‍പ്പെടെ 97.8 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് താരങ്ങള്‍ക്കെതിരെ നടപടി എടുത്തതെന്നും വ്യക്തമാവുന്നു.
രാജ് കുന്ദ്രയ്ക്ക് എതിരെ ഗുരുതരമായ ആരോപണമായിരുന്നു ഉയര്‍ന്ന് വന്നത്. പരാതിക്കാരനായ അമിത് ഭരദ്വാജില്‍ നിന്ന് 285 ബിറ്റ്‌കോയിനുകള്‍ രാജ് കുന്ദ്ര കൈപ്പറ്റുകയായിരുന്നു. മാത്രമല്ല ഉക്രൈനില്‍ ഒരു ബിറ്റ്‌കോയിന്‍ മൈനിംഗ് ഫാം ആരംഭിക്കാനും പദ്ധതി ഇട്ടിരുന്നു. എന്നാല്‍ അതൊന്നും നടക്കാതെ വരികയായിരുന്നു. നിലവില്‍ 150 കോടി രൂപയുടെ മൂല്യം വരുന്ന ബീറ്റ്‌കോയിനുകള്‍ രാജ് കുന്ദ്രയുടെ കൈവശം ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ട്.
ഇതിന് പുറമേയാണ് ജയില്‍ വാസമടക്കം താരഭര്‍ത്താവിന് നേരിടേണ്ടതായി വന്നത്. 2021 ലാണ് അശ്ലീല സിനിമകള്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ ശില്‍പയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറേ നാളുകള്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം സുപ്രീം കോടതിയില്‍ നിന്നാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഇതിന് പിന്നാലെ മറ്റൊരു കേസില്‍ കൂടി താരം കുടുങ്ങിയതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.


Click it and Unblock the Notifications











