ദയവായി സിനിമയെ കല്ലെറിയാൻ തെരുവിലേയ്ക്ക് വിട്ടുകൊടുക്കരുത്!! മീ ടൂവിനെതിരെ മലയാളി യുവനടി
ലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുന്ന വ്യവസായം ആണ് സിനിമ.
സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മീടൂ ക്യാംപെയ്നിലൂടെയാണ് താരങ്ങൾ തുറന്നടിക്കുന്നത്. ഹോളിവുഡിൽ ആരംഭിച്ച മീടൂ മൂവ്മെന്റ് ബോളിവുഡിലും പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായി. ഏറ്റവും ഗ്ലാമറസായ ഒരു മേഖലയാണ് സിനിമ. എല്ലാവരും സ്വപ്നം കാണുന്ന ഒരു മേഖല കൂടിയാണിത്. ക്യാമറയുടെ പിന്നാമ്പുറക്കാഴ്ചകളാണ് മീടൂവായി എത്തുന്നത്.
മീടൂ മൂവ്മെന്റിന് രണ്ടു തരത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഒരു വിഭാഗക്കാർ മികച്ച പിന്തുണ നൽകി കൂടെ നിൽക്കുമ്പോൾ മറ്റു ചില ഭാഗത്തു നിന്ന് വിമർശനങ്ങളാണ് കേൾക്കുന്നത്. മീടൂ എന്ന ആശയത്തിനോട് എല്ലാവർക്കും നല്ല അഭിപ്രായമാണ്, അതിനെ സ്വാഗതം ചെയ്യുന്നുമുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോൾ വെളിപ്പെടുത്തുന്നതിനോടാണ് വിയോജിപ്പ്. ഇപ്പോഴിത മീടൂ മൂവ്മെന്റിനെ വിമർശിച്ച് മലയാളി നടി ശിവാനി ഭായി രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം

സ്ത്രീകളോടുള്ള മോശം സമീപനം കുറയും
മീ ടൂ ഹാഷ്ടാഗോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് . സംഗതി കൊള്ളാം ഭാവിയിൽ സ്ത്രീകളെ ചൂഷണം ചെയ്യാൻ മുതിരുന്ന ആളുകളുടെ എണ്ണം കുറയും.നല്ലതും ചീത്തയുമായ സ്ത്രീകളും പുരുഷന്മാരുമിണ്ട്. ചില പുരുഷന്മാർ അവരുടെ സ്വഭാവ വൈകല്യം കൊണ്ട് സ്ത്രീകളോട് മോശമായി പെരുമാറും, ചിലർ സ്ത്രീകളിൽ നിന്ന് ഉണ്ടാകുന്ന പ്രകോപനപരമായ പെരുമാറ്റത്തിൽ വശപ്പെട്ടു മോശമായി പെരുമാറിയേക്കാം.

ഇത്തരം കഥകൾ വിളിച്ച് പറയാതിരിക്കൂ
സിനിമയിലെ സഹോദരിമാരോട് ഒരു അപേക്ഷ എന്ന് പറഞ്ഞു കൊണ്ടാണ് മീ ടു ക്യാംപെയ്നെകുറിച്ചുള്ള നിലപാട് ശിവാനി വ്യക്തമാക്കിയത്. കഴിയുമെങ്കിൽ ഇത്തരം കഥകൾ വിളിച്ചു പറഞ്ഞു നടക്കാതിരിക്കൂ. പൊതുവെ സിനിമാക്കാരെ കുറിച്ച് അത്ര നല്ല അഭിപ്രായ ഒന്നുമില്ല പുറം ലോകർക്ക്. ചുറ്റും ഇപ്പോൾ കൂടി നിന്ന് കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ ഒക്കെ പോകും. ഒറ്റയ്ക്കാവും, അപ്പോൾ മാത്രമേ നിങ്ങൾ അഭിനയിച്ചു ഉണ്ടാക്കിയ സൽപ്പേരു സാധാരണ ജനങ്ങൾക്കിടയിൽ നശിച്ചു പോയ കഥ അറിയുകയുളളൂ.

പ്രശ്നം സംഘടനയ്ക്കുള്ളിൽ പറയൂ
നടി-നടന്മാർക്ക് ഒരു സംഘടനയുണ്ട്, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവിടെ പരാതിപ്പെട്ട് പരിഹരിക്കൂ. സ്വന്തം വീട്ടിലെ കാര്യം തെരുവിൽ ആരും ചർച്ച ചെയ്യിക്കപ്പെടാൻ ആഗ്രഹിക്കില്ല. ലക്ഷകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുക്കുന്ന വ്യവസായം ആണ് സിനിമ. അന്തസ്സായി എന്റെ അച്ഛൻ സിനിമ കുടുംബത്തിലെ അംഗം ആണെന്ന് ഇപ്പോൾ വിളിച്ചു പറയുന്ന കുഞ്ഞ്, നാളെ നിങ്ങളുടെ ഇത്തരം പ്രവർത്തി കൊണ്ട് അതിനു മടിക്കും. പൊതുജനം കണ്ണിൽ കാണാത്ത ഒരു വിഷയത്തെ രണ്ട് തരത്തിൽ ആണ് സമീപിക്കുന്നത്, ഒരു കൂട്ടർ ഇരയ്ക്ക് ഒപ്പവും ഒരു കൂട്ടർ പീഡിപ്പിച്ച ആൾക്കൊപ്പവും. അതായത് രണ്ടു പേരെയും സമൂഹം മോശമായി തന്നെ കാണും എന്ന് സാരം.

മാനസികാവസ്ഥയ്ക്ക് മാറ്റം
10 കൊല്ലം മുൻപ് ഒരാൾക്ക് ഉണ്ടായിരുന്ന മാനസികാവസ്ഥ ആകില്ല ഇപ്പോൾ അയാൾക്ക്. പേര കുട്ടികൾ വരെ ആയിട്ടുണ്ടാകും. ഒരേ സമയം നശിക്കുന്നത് എത്ര പേരുടെ അഭിമാനം ആണ് ശിവാനി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. നിനക്ക് അഭിനയം മോഹം ഉണ്ടോ? നീ അവസരം ചോദിക്ക്.. പകരം ചോദിക്കുന്നത് നിന്റെ മാനത്തെ ആണെങ്കിൽ പരാതിപെടണം, അന്ന് തന്നെ. അല്ലാതെ 10 കൊല്ലം കഴിഞ്ഞിട്ടല്ല.

സിനിമയെ തെരുവിൽ വലിച്ചിടരുത്
ജനങ്ങൾ അത്ഭുതത്തോടെയും ആരാധനയുടെയും ബഹുമാനത്തോടെയും പുറത്ത് നിന്ന് നോക്കി കാണുന്ന മഹത്തായ സിനിമ ലോകത്തെ ദയവായി മറ്റുള്ളവർക്ക് കല്ലെറിയാൻ പറ്റുന്ന വിധം തെരുവിൽ വലിച്ചിടരുതെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു


Click it and Unblock the Notifications











