ഞാന്‍ അവിടെ പോയിരുന്നു, വലിയ നടനൊപ്പം അഭിനയിക്കണമെന്നില്ല! ഗോസിപ്പ് പറഞ്ഞവര്‍ മാപ്പ് പറയണമെന്ന് നടി സിമ്രാന്‍
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളാണ് സിമ്രാന്‍. മലയാളികള്‍ക്കും വളരെ പ്രിയങ്കരിയാണെങ്കിലും തമിഴ് സിനിമയിലാണ് നടി വിജയിച്ചത്. വര്‍ഷങ്ങളായി അഭിനയ രംഗത്തുള്ള നടി ഒത്തിരി ആരാധകരെയും നേടി. മാത്രമല്ല സിമ്രാന്റെ കരിയറിലെ ഏറ്റവും മികച്ച ജോഡികളിലൊന്ന് ഇളയദളപതി വിജയ് ആണ്.
ഓണ്‍-സ്‌ക്രീനിലെ ഇരുവരുടെയും പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇനിയും താരങ്ങള്‍ ഒരുമിക്കുന്നത് കാണാന്‍ ആരാധകര്‍ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് തന്നെ നടിയുടെ പേരില്‍ അടുത്തിടെ പ്രചരിച്ച കഥകള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രചരണം തന്നെ വേദനിപ്പിച്ചെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

അഭിനയത്തിന് പുറമേ സിനിമ നിര്‍മ്മാണത്തിലേക്ക് കൂടി പ്രവേശിക്കാനുള്ള മുന്നൊരുക്കത്തിലാണ് നടിയെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ദളപതി വിജയ്ക്കൊപ്പം ഒരു സിനിമ നിര്‍മ്മിക്കാന്‍ സിമ്രാന് വലിയ പദ്ധതികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ പ്രൊഡക്ഷന്‍ ഹൗസിന് കീഴില്‍ ഒരു സിനിമയില്‍ നായകനായി അഭിനയിക്കാന്‍ സിമ്രാന്‍ നടന്‍ വിജയിനെ സമീപിച്ചതായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ നടിയുടെ അഭ്യര്‍ഥന അദ്ദേഹം തള്ളി കളഞ്ഞെന്നും എന്നാല്‍ വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയിലൊരു വേഷം മതിയെന്ന് പറഞ്ഞതായിട്ടും പറയപ്പെടുന്നു. നടിയുടെ ഈ ആവശ്യവും നടക്കാതെ വന്നതായിട്ടാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തികച്ചും വസ്തുത വിരുദ്ധമായ കാര്യമാണെന്നാണ് സിമ്രാന്‍ പറയുന്നത്.
തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കിംവദന്തികള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം. തന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് തന്റെ അതിരുകള്‍ അറിയാമെന്നും എക്‌സിലൂടെ പങ്കുവെച്ച പുതിയ എഴുത്തില്‍ നടി വ്യക്തമാക്കുന്നു.
'ആളുകള്‍ക്ക് നമ്മുടെ വികാരങ്ങളെ എങ്ങനെ മാനിപ്പുലേറ്റ് ചെയ്യാമെന്നും നമ്മുടെ സുഹൃത്തുക്കള്‍ അതിനെ എത്രമാത്രം നിസാരമായി കാണുന്നു എന്നതും ശരിക്കും നിരാശാജനകമാണ്. ഇതുവരെ, ഞാന്‍ നിശ്ശബ്ദയായിരുന്നു. പക്ഷേ ഇപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടെ. ഏതെങ്കിലും വലിയ നായകന്മാര്‍ക്കൊപ്പം അണിനിരക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടെ പോയിട്ടുണ്ട്. പക്ഷേ എന്റെ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമാണ്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ അതിരുകള്‍ അറിയാം.

വര്‍ഷങ്ങളോളം, സോഷ്യല്‍ മീഡിയയില്‍ എന്റെ പേര് തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുമ്പോള്‍, ഒന്നോ അതല്ലെങ്കില്‍ മറ്റൊന്ന് എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. എന്നാല്‍ ആത്മാഭിമാനമാണ് ആദ്യം വരുന്നത്. 'നിര്‍ത്തുക' എന്നത് ശക്തമായൊരു പദമാണ്. അത് ഇവിടെ ശരിയാണ്. ഈ കിംവദന്തികള്‍ക്ക് അറുതി വരുത്താന്‍ ആരും വരികയോ ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. എന്റെ വികാരങ്ങള്‍ ആരും ശ്രദ്ധിച്ചില്ല.
ഞാന്‍ ഒരിക്കലും എന്റെ പേര് ഒന്നിനും പ്രയോജനപ്പെടുത്തിയിട്ടില്ല. ഞാന്‍ എപ്പോഴും ശരികള്‍ക്ക് വേണ്ടി ഉറച്ചു നിന്നു. ഇന്‍ഡസ്ട്രിയിലെ വിവേകമുള്ള ആളുകളില്‍ നിന്നും ഇതേ സമഗ്രത ഞാന്‍ പ്രതീക്ഷിക്കുന്നു. തെറ്റായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നോട് ആത്മാര്‍ത്ഥമായി മാപ്പ് പറയണം...' എന്നുമാണ് സിമ്രാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച നടന്‍ വിജയ് ഇനി സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. അവസാനമായി ഒരു സിനിമ കൂടി അഭിനയിച്ച ശേഷം പൂര്‍ണമായിട്ടും താന്‍ രാഷ്ട്രീയത്തിലായിരിക്കുമെന്നും നടന്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് നടി സിമ്രാന്‍ ചില സിനിമാ ആശയങ്ങളുമായി നടനെ സമീപിച്ചതായി കഥകള്‍ വന്നത്.


Click it and Unblock the Notifications