സുഹാസിനിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടോ? തൻ്റെ അസുഖത്തെ കുറിച്ച് പ്രചരിക്കുന്നതിൽ ചിലത് തെറ്റാണെന്ന് നടി
മലയാളികള്‍ക്കേറ്റവും പ്രിയങ്കരിയായ നടിയാണ് സുഹാസിനി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ സുഹാസിനി നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ തമിഴിലെ പ്രമുഖ സംവിധായകനായ മണിരത്‌നത്തെ വിവാഹം കഴിച്ച് ഇപ്പോള്‍ തമിഴ് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. ഇതിനിടയില്‍ താനൊരു അസുഖബാധിതയായിരുന്നു എന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ചെറിയ പ്രായം മുതലേ താന്‍ ക്ഷയ രോഗബാധിതയായിരുന്നു എന്നാണ് സുഹാസിനി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അതാരോടും പറയാന്‍ സാധിക്കാതെ പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. പിന്നാലെ നടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കഥകള്‍ പുറത്ത് വന്നു. സുഹാസിനിയ്ക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടുവെന്നും അവരുടെ ശരീരഭാരം 35 കിലോ ആയെന്നുമൊക്കെയാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിലെ സത്യാവസ്ഥയെ കുറിച്ചാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ നടി സംസാരിച്ചിരിക്കുന്നത്.

'കഴിഞ്ഞ 25 വര്‍ഷമായി ക്ഷയരോഗ അവബോധം സൃഷ്ടിക്കുന്നതില്‍ റീച്ചി(REACH)നെ പിന്തുണയ്ക്കുന്നതില്‍ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഇന്നലെ തമിഴ്നാട് സര്‍ക്കാരിനൊപ്പം ഒരു ബോധവല്‍ക്കരണ പരിപാടിയില്‍ ഞാനും പങ്കെടുത്തിരുന്നു. എന്നെ റീച്ചിലേക്ക് പരിചയപ്പെടുത്തിയ ഡോ. നളിനിക്കും എന്റെ സുഹൃത്ത് ചിത്രയ്ക്കും നന്ദി. ഭാവിയിലും ഞാന്‍ റീച്ചിന്റെ ഭാഗമാകും. എന്നാല്‍ ആരാധകര്‍ മാന്യമായി പെരുമാറണമെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ച് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം തന്നെ നശിപ്പിക്കരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.
എനിക്ക് ഇപ്പോള്‍ സുഖമില്ലെന്ന് കരുതിയാണ് ഫോണ്‍ കോളുകളും മെസേജുകളുമൊക്കെ വരുന്നത്. അത് സത്യമല്ല. എനിക്ക് കേള്‍വി നഷ്ടപ്പെട്ടെന്ന തരത്തില്‍ കിംവദന്തി പ്രചരിപ്പിക്കുന്നവരുടെ ശബ്ദത്തെ ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പിന്നെ എനിക്ക് 35 കിലോ ഭാരമാണ് ഉള്ളതെന്നും പറയുന്നു. ദയവായി പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കരുത്. അതൊരിക്കലും മുതിര്‍ന്നവരുടെ ഭാരമല്ല. എന്റെ ശരീരഭാരം ഏകദേശം 75 കിലോയാണ്. അതിലും അസംബന്ധം പറയുന്നു.
ഇതേ ആളുകള്‍ എന്തിനാണ് എനിക്ക് പൊണ്ണത്തടിയുണ്ടെന്ന് പറയുന്നത്. മുകളില്‍ പറഞ്ഞതെല്ലാം സത്യമല്ല. ഒരേയൊരു സത്യം, റീച്ചിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും അവരുടെ ടിബി ബോധവല്‍ക്കരണ കാമ്പെയ്നെയും ഞാന്‍ പിന്തുണയ്ക്കുന്നു എന്നതാണെന്നും പറഞ്ഞാണ് സുഹാസിനി എഴുത്ത് അവസാനിപ്പിക്കുന്നത്.

തമിഴിലെ പ്രമുഖ നടന്‍ ചാരുഹാസന്റെ മകളാണ് സുഹാസിനി. കമല്‍ ഹാസന്റെ സഹോദരപുത്രിയുമാണ്. അങ്ങനെ സിനിമാ കുടുംബത്തില്‍ ജനിച്ച് അഭിനയത്തില്‍ ചുവടുറപ്പിച്ച നടി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ നായികയായപ്പോള്‍ തമിഴില്‍ സത്യരാജ്, രജനികാന്ത് തുടങ്ങി നിരവധി സൂപ്പര്‍താരങ്ങളുടെയും നായികയായി. പിന്നീടാണ് സംവിധായകന്‍ മണിരത്‌നവുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.
തനിക്ക് 6 വയസ്സ് മുതല്‍ ക്ഷയരോഗമുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടി പറഞ്ഞത്. അത് കണ്ടെത്തിയ ഉടനെ ചികിത്സിക്കുകയും ചെറുപ്പത്തില്‍ തന്നെ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം തീര്‍ന്നെന്ന് കരുതിയെങ്കിലും 36 വയസ്സുള്ളപ്പോള്‍ വീണ്ടും ക്ഷയരോഗം പിടിപെട്ടു. ഈ സമയത്ത് ശരീരഭാരം വര്‍ദ്ധിച്ചു. ഇടയ്ക്ക് ശരിയായ രീതിയില്‍ കേള്‍ക്കാന്‍ സാധിക്കാതെ കേള്‍വി ശക്തിയെയും ബാധിച്ചു. ഏകദേശം 6 മാസത്തെ ചികിത്സയ്ക്ക് ശേഷം താന്‍ വീണ്ടും ആ രോഗത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും പുറത്തു വന്നു.
അന്നൊക്കെ ഈ അസുഖത്തെ കുറിച്ച് സംസാരിക്കുന്നത് അപകീര്‍ത്തികരമാണെന്നും നാണക്കേടാണെന്നുമൊക്കെ ഞാന്‍ കരുതി. അതുകൊണ്ടാണ് ഇത് രഹസ്യമാക്കി വെച്ചതും തുറന്ന് പറയാതിരുന്നതും. എന്നിലിപ്പോള്‍ ഞാനിത് പറയുന്നത് സമൂഹത്തെ അറിയിക്കാനാണെന്നാണ് ക്ഷയരോഗ ബോധവത്കരണ പരിപാടിയില്‍ വെച്ച് നടി പറഞ്ഞത്. ഇതാണ് വളച്ചൊടിച്ച് നടിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടുവെന്ന തരത്തിലേക്ക് വ്യാഖ്യാനിക്കപ്പെട്ടത്.


Click it and Unblock the Notifications











