അടൂരിന് തകഴി ബാധ
തകഴിയുടെ കഥകളെ ആസ്പദമാക്കിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ നാല് പെണ്ണുങ്ങള്‍ എന്ന ചിത്രമൊരുക്കിയത്. അടൂര്‍ സാഹിത്യകൃതികളെ ആസ്പദമാക്കി സിനിമയൊരുക്കുന്നത് ആദ്യമല്ല.
അടൂരിന്റെ മതിലുകള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അതേ പേരിലുള്ള നീണ്ടകഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. സക്കറിയയുടെ നീണ്ടകഥയെ ആസ്പദമാക്കിയാണ് വിധേയന്‍ അടൂര്‍ സംവിധാനം ചെയ്തത്.
ബഷീറിന്റെയോ സക്കറിയയുടെയോ മറ്റൊരു കൃതി സിനിമയാക്കാന്‍ അടൂര്‍ തുനിഞ്ഞിട്ടില്ല. അതേ സമയം തകഴിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ നാല് പെണ്ണുങ്ങള്‍ക്കു ശേഷം അടുത്ത ചിത്രത്തിനായി വീണ്ടും അടൂര്‍ തകഴി കൃതികളില്‍ പരതുകയാണ്.
വര്‍ഷങ്ങളുടെ ഇടവേളയെടുത്താണ് അടൂര്‍ സിനിമകള്‍ ചെയ്യാറുള്ളത്. നിഴല്‍ക്കുത്തിനു ശേഷം അടുത്ത ചിത്രമായ നാല് പെണ്ണുങ്ങളിലേക്കുള്ള ദൂരം നാല് വര്‍ഷമാണ്. എന്നാല്‍ നാല് പെണ്ണുങ്ങള്‍ തിയേറ്ററുകളിലെത്തി ഒരു വര്‍ഷം പോലും തികയുന്നതിനു മുമ്പേ അടൂര്‍ അടുത്ത ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയാണ്.
തകഴിയുടെ കഥകളെ ആസ്പദമാക്കി അടൂര്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ പേര് ഒരു പെണ്ണും രണ്ടാണും എന്നാണ്. കള്ളന്റെ മകന്‍, ഒരു കൂട്ടുകാരന്‍, നിയമവും നീതിയും എന്നീ തകഴി കഥകളാണ് ഇത്തവണ തന്റെ സിനിമയ്ക്കായി അടൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ജഗദീഷ്, ഇന്ദ്രന്‍സ്, വിജയരാഘവന്‍, നെടുമുടി, അശോകന്‍, ജഗതി, മനോജ് കെ.ജയന്‍, സിദ്ദിഖ്, സുധീഷ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കുട്ടനാടും പരിസരങ്ങളിലുമായി ഫിബ്രവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കും.


Click it and Unblock the Notifications