ചത്താലും ഞങ്ങള്‍ ഒരുമിച്ച് തന്നെയിരിക്കും, കോകിലയുമായി തെറ്റിക്കാന്‍ ശ്രമിക്കുകയാണോ? മോശമെന്ന് ബാല
വിവാദനായകനായി മാറിയിരിക്കുകയാണ് നടന്‍ ബാല. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു നടനെ വിവാദങ്ങളില്‍ എത്തിച്ചത്. ആദ്യ ഭാര്യയും അതില്‍ ജനിച്ച മകളും രണ്ടാമത്തെ ഭാര്യയുമൊക്കെ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയന്റെ ഏറ്റുപറച്ചിലുകള്‍ വലിയതോതില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
ഭാര്യയായ തന്റെ മുന്നില്‍ വെച്ച് മറ്റ് സ്ത്രീകളെ ബെഡ്‌റൂമിലേക്ക് കയറ്റുമെന്ന ആരോപണവും എലിസബത്ത് ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ തന്നെയും ഭാര്യ കോകിലയെയും തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണെന്നാണ് ബാല പറയുന്നത്. മാത്രമല്ല തനിക്കെതിരെ വന്ന വാര്‍ത്ത അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബാല പങ്കുവെച്ചൊരു വീഡിയോയിലാണ് തനിക്കെതിരെ വന്ന ആരോപണങ്ങളില്‍ മറുപടി പറഞ്ഞത്. നടന്റെ വാക്കുകളിങ്ങനെയാണ്... 'പത്തൊന്‍പത് വയസുള്ള സ്ത്രീയെയും അമ്മയുടെ പ്രായത്തിലുള്ളവരെയും ഞാന്‍ ബെഡ്‌റൂമില്‍ കയറ്റുമെന്നാണ് പറയുന്നത്. പറയാനുള്ളതൊക്കെ പറയട്ടെ, പ്രശ്‌നമില്ല. ഇവിടെ നിയമമുണ്ട്. അടിസ്ഥാനപരമായി ഞാന്‍ കാണുന്നത് മെഡിക്കല്‍ അറ്റന്‍ഷന്‍ ആര്‍ക്കാണോ വേണ്ടത് അവര്‍ക്ക് കൊടുക്കണമെന്നാണ്. അല്ലാതെ മീഡിയയുടെ അറ്റന്‍ഷനല്ല പ്രധാന്യം കൊടുക്കേണ്ടത്. അതുകൊണ്ടാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്.
ബാക്കിയുള്ള കാര്യമെല്ലാം നിയമപരമായി നടക്കും. വ്യക്തിപരമായ വൈരാഗ്യത്തിന് വേണ്ടി എന്നെ കുറിച്ച് എന്തും പറയാം. എന്നെയും കോകിലയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ വേണ്ടി എന്ത് വേണമെങ്കിലും പറയാം. പക്ഷേ ചത്താലും ഞങ്ങള്‍ ഒരുമിച്ച് തന്നെയിരിക്കും. അതിലൊരു മാറ്റവുമില്ല. പക്ഷേ ഞങ്ങളെ സ്‌നേഹിക്കുന്നവരെ ഉപദ്രവിക്കരുതെന്നാണ്,' ബാല പറയുന്നത്.
ഇതിന് പിന്നാലെ ബാലയുടെ പേരില്‍ നിരവധി വാര്‍ത്തകളും വന്നു. അതിലൊന്നിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ട് കൊണ്ടാണ് നടന്‍ വീണ്ടും എത്തിയിരിക്കുന്നത്. 'മാധ്യമങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഈ വനിതാ ദിനത്തില്‍ എന്റെ കുടുംബത്തെയും പ്രായമുള്ള സ്ത്രീകളെയും വേദനിപ്പിക്കാനും അപമാനിക്കാനുമാണോ നിങ്ങള്‍ ശ്രമിക്കുന്നത്. അങ്ങേയറ്റം മോശമായി പോയി. നമുക്കും കുടുംബവും കരിയറും ധാര്‍മികതയുമൊക്കെയുണ്ട്. എന്തൊക്കെയായലും കുറ്റവാളികളെ കോടതി ശിക്ഷിച്ചോളുമെന്നാണ്,' ബാല എഴുതിയിരിക്കുന്നത്.

ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായിട്ടാണ് എലിസബത്ത് ഉദയന്‍ വന്നിരുന്നത്. ഭര്‍ത്താവായിരുന്ന കാലത്ത് ബാല വളരെ മോശമായി തന്നോട് പെരുമാറി. മാനസികമായും ശാരീരികവുമായി ഉപദ്രവിച്ചു. ഭാര്യയെന്ന പരിഗണന തരാതെ അന്യസ്ത്രീകളെ ബെഡ്‌റൂമിലേക്ക് കയറ്റി, അമ്മയുടെ പ്രായമുള്ളവരും പത്തൊന്‍പത് വയസുള്ള കുട്ടികള്‍ പോലും ആ കൂട്ടത്തിലുണ്ട്.. എന്നിങ്ങനെ നീളുകയാണ് എലിസബത്തിന്റെ ആരോപണങ്ങള്‍. ഇതിനൊന്നും ബാല മറുപടി പറഞ്ഞിരുന്നില്ല.
എന്നാല്‍ നടന് കരള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ചെയ്തതും സത്യമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന തരത്തില്‍ എലിസബത്ത് നടത്തിയ പരാമര്‍ശത്തില്‍ ബാല പ്രതികരിച്ചു. മാത്രമല്ല തനിക്ക് കരള്‍ പകുത്ത് തന്ന വ്യക്തിയ്ക്ക് പറയാനുള്ളത് എന്താണെന്നും കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ നടന്‍ ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണെന്നാണ് ബാല പറയുന്നത്.
ഗായിക അമൃത സുരേഷുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല ഡോക്ടറായ എലിസബത്തുമായി ഒരുമിച്ച് ജീവിക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് ഇവരുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എങ്കിലും ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. എലിസബത്തുമായി പിരിഞ്ഞതിന് ശേഷമാണ് ബാല മാമൻ്റെ മകൾ കോകിലയുമായി വിവാഹിതനായെന്ന് പറയുന്നത്. നിലവിൽ ഭാര്യയ്ക്കൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് നടൻ.


Click it and Unblock the Notifications