രഞ്ജിനി ഹരിദാസ് പാടി; ഇനി ഇതിനെന്തൊക്കെ കേള്‍ക്കണോ ആവോ
രഞ്ജിനി ഹരിദാസ് എന്ത് ചെയ്താലും കുറ്റമാണ്. അത് രഞ്ജിനിയ്ക്കും അറിയാം. അതുകൊണ്ടണല്ലോ ഒരു സിനിമയിക്ക് വേണ്ടി പാടിക്കഴിഞ്ഞപ്പോള്‍ രഞ്ജിനി തന്നെ ചോദിച്ചത് 'ഇനി ഇതിന് എന്തൊക്കെ കേള്‍ക്കണോ ആവോ' എന്ന്.
പരസ്യ സംവിധായകനായ ഷാന്‍ കച്ചേരി സംവിധാനം ചെയ്യുന്ന 'ഹീറോയിന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് രഞ്ജിനി ഹരിദാസിന്റെ പാട്ട്. രഞ്ജിനി പാടിയ പ്രമോ ഗാനം പുറത്തിറങ്ങുകയും യൂട്യൂബില്‍ പാട്ട് ഹിറ്റാകുകയും ചെയ്തു. 'തിരക്കഥ' എന്ന ചിത്രത്തില്‍ 'ഒന്നോടൊന്നു ചേര്‍ന്നാടി...' എന്ന പാട്ട് നേരത്തെ രഞ്ജിനി പാടിയിട്ടുണ്ട്.

'ഹീറോയിന്‍...' എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോള്‍ രഞ്ജിനി പാടിയരിക്കുന്നത്. ഹരി പി നായര്‍ വരികളെഴുതിയ ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബാലഗോപാലാണ്. കന്നഡ സംഗീത സംവിധായകനായ ബാലചന്ദ്രനാണ് ചിത്രത്തിലെ ഐറ്റം ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
അഭിനയ മോഹവുമായി സിനിമയിലെത്താന്‍ കഷ്ടപ്പെടുന്ന ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് 'ഹീറോയിന്‍' എന്ന ചിത്രത്തില്‍ പറയുന്നത്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മോഡലായ നദാഷ ദോഷിയാണ്.
നദാഷയെ കുടാതെ ബിജുകുട്ടന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍, കലിംഗ ശശി, ഷെജിന്‍, നീനാകുറുപ്പ് തുടങ്ങിയവരും വേഷമിടുന്നു. എയിം അലേര്‍ട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാര്‍ത്തിക് പിഎമ്മാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











