വീട്ടുകാരെ പറയരുത്! വിവാദ രംഗത്തിന് വീണ്ടും മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍!
വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും നായിക നായകന്മാരായിട്ടെത്തിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമ ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളിലൊന്നാണ്. അടുത്തിടെയാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിലേക്ക് റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ പോയി കാണാത്തവരും അല്ലാത്തവരുമെല്ലാം വീണ്ടും സിനിമ കണ്ടു.
പിന്നാലെ സിനിമയെ കുറിച്ചുള്ള റിവ്യൂസ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും നിറഞ്ഞു. അതിനൊപ്പം ചില വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ചൂണ്ടി കാണിക്കപ്പെട്ട തെറ്റിന് നിര്‍മാതാവും സംവിധായകനുമെല്ലാം മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ വീണ്ടുമൊരു പ്രശ്‌നത്തില്‍ വിശദീകരണം നല്‍കി കൊണ്ട് എത്തിയിരിക്കുകയാണ് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍.

തന്റെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ചേതന കപൂര്‍ എന്നൊരു യുവതിയാണ് ആദ്യം രംഗത്ത് വന്നത്. സിനിമയിലെ ഒരു ഫിസിക്കല്‍ ട്രെയിനിങ് സ്ഥാപനത്തിന്റെ ബോര്‍ഡിലാണ് യുവതിയുടെ ഫോട്ടോ സ്ഥാപിച്ചിരുന്നത്. ഇത് തന്റെ അനുവാദത്തോടെയോ അറിവോടെയോ അല്ല. പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ഇതിന്റെ ഉടമാസ്ഥാവകാശം നല്‍കി ക്ലെയിം ചെയ്യണമെന്നും യുവതി പറഞ്ഞിരുന്നു.

ഇങ്ങനെയൊരു ആരോപണം ശ്രദ്ധയില്‍പ്പെട്ടതോടെ മാപ്പ് പറഞ്ഞ് കൊണ്ട് നടനും നിര്‍മാതാവുമായ ദുല്‍ഖറുമെത്തി. ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എടുത്തതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. ഇങ്ങനെയാരു പ്രശ്നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്പനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ശേഷം സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ യുവതിയുമായി സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സിനിമയിലെ നര്‍മ്മ രംഗം വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഒരു ബീച്ചില്‍ വെച്ച് സുരേഷ് ഗോപി വളര്‍ത്ത് നായയെ 'പ്രഭാകരാ' എന്ന് വിളിക്കുന്ന രംഗത്തെ കുറിച്ച് ആരോപണമാണ് വന്നിരിക്കുന്നത്. എല്‍ടിടിഇ നേതാവ് വേലുപിള്ള പ്രഭാകരനെ അപമാനിക്കാനാണ് ഈ രംഗത്തിലൂടെ ശ്രമിക്കുന്നതെന്ന് ആരോപിച്ച് തമിഴ് പ്രേക്ഷകരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് തമിഴ് ജനതയ്‌ക്കെതിരെ വംശീയ പരാമര്‍ശമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതും വലിയ ചര്‍ച്ചയായതോടെ വിശദീകരണം നല്‍കി ദുല്‍ഖര്‍ വീണ്ടുമെത്തി.

പ്രഭാകരാ... എന്ന തമാശ തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് പലരും തന്നെ അറിയിച്ചു. അത് മനപൂര്‍വ്വം സംഭവിച്ചതല്ലെന്നും ദുല്‍ഖര്‍ ട്വിറ്റിലൂടെ അറിയിച്ചിരിക്കുകയാണ്. പഴയ മലയാള സിനിമയായ പട്ടണ പ്രവേശത്തില്‍ നിന്നും എടുത്തതായിരുന്നു. മലയാളത്തിലെ സ്ഥിരമായി ഉപയോഗിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. ജീവിച്ചിരിക്കുന്നതോ മരിച്ച് പോയതോ ആയ ഒരു വ്യക്തിയെയും അപമാനിക്കാന്‍ ഉദ്ദേശിച്ചതല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

അതേ സമയം എന്നെയോ സംവിധായകന്‍ അനൂപിനെയോ കുറ്റം പറയുന്നത് അംഗീകരിക്കാനാകും. എന്നാല്‍ എന്റെയും അനൂപിന്റെയും പിതാവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. അതുപോലെ സിനിമയിലെ മുതിര്‍ന്ന താരങ്ങളെയും. പല വിമര്‍ശനങ്ങളും അതിര് കടന്നതും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നവയും ആയിരുന്നു. അത് അങ്ങനെ അല്ലാതിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പിന്നാലെ മറ്റൊരു ട്വീറ്റില്‍ പട്ടണ പ്രവേശത്തിലെ പ്രഭാകരാ... സീനും ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്നതും ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ കീഴില്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ബോക്‌സോഫീസില്‍ 25 കോടി രൂപ സ്വന്തമാക്കി വിജയം സ്വന്തമാക്കിയതിന് ശേഷമാണ് ഓണ്‍ലൈനിലേക്ക് സിനിമ എത്തിയത്. സുരേഷ് ഗോപിയ്ക്കും ശോഭനയ്ക്കുമൊപ്പം ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കല്യാണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നിത്.


Click it and Unblock the Notifications