ദൃശ്യത്തിനെ കടത്തിവെട്ടുന്നൊരു സിനിമയോ? പ്രണവിന് പിന്നാലെ മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ്!
മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിച്ചപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയാണ് സമ്മാനിച്ചത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013 ലായിരുന്നു ദൃശ്യം റിലീസിനെത്തുന്നത്. ഇന്നും മലയാള സിനിമയ്ക്ക് അഭിമാനമായ സിനിമകളില്‍ ഒന്നും ദൃശ്യമായിരുന്നു. ദൃശ്യത്തിന് ശേഷം വീണ്ടും മോഹന്‍ലാലും ജിത്തു ജോസഫും വീണ്ടുമൊന്നിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ഒടുവില്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് ജിത്തു തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ദി ഹിന്ദു ഫ്രൈഡേ റിവ്യൂ വിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജിത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്യിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്.

ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളെ അണിനിരത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഈ സിനിമയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നെങ്കിലും വാര്‍ത്ത സ്ഥിരികരിക്കുന്നത് ഇപ്പോഴാണ്. രഞ്ജി പണിക്കരാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. നിലവില്‍ ജിത്തു സംവിധാനം ചെയ്യുന്ന ബോളിവുഡ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആദിയാണ് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി ആണ് മലയാളത്തില്‍ ഇനി വരാനിരിക്കുന്ന സിനിമ. വേറെയും സിനിമകള്‍ ജിത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.


Click it and Unblock the Notifications











