»   » മമ്മൂട്ടിയുടെ നായികയാവാന്‍ പ്രായം പ്രശ്‌നമല്ല: ഇഷ

മമ്മൂട്ടിയുടെ നായികയാവാന്‍ പ്രായം പ്രശ്‌നമല്ല: ഇഷ

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ പ്രണയിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നകാര്യത്തല്‍ പ്രായം ഒരു പ്രശ്‌നമല്ലെന്ന് നടി ഇഷ തല്‍വാര്‍. മമ്മൂട്ടിയെപ്പോലുള്ള ഒരു നടനൊപ്പം നായികയായി അഭിനയിക്കാന്‍ തന്നേപ്പോലൊരു തുടക്കക്കാരിയ്ക്ക് അവസരം ലഭിയ്ക്കുന്നത് ഭാഗ്യമാണെന്നും ഇഷ പറയുന്നു.

ടൈംസ് ഓഫ് ഇന്ത്യയിക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മമ്മൂട്ടിയും ഇഷയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇഷ ഇങ്ങനെ ഉത്തരം നല്‍കിയത്.

മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് എന്നെ സംബന്ധിച്ച് ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. ഇവിടെ പ്രായവ്യത്യാസം ഒരു പ്രശ്‌നമായി ഞാന്‍ കരുതുന്നില്ല. മമ്മൂട്ടി അവതരിപ്പിക്കുന്ന മജീദ് എന്ന കഥാപാത്രത്തിന്റെ നായികയായി എന്നെ തിരഞ്ഞെടുത്തത് സംവിധായകനാണ്, ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കുമെന്നതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം എന്നെ നായികയായി തീരുമാനിച്ചത്- ഇഷ ചോദിയ്ക്കുന്നു.

വീണ്ടുമൊരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയില്ലേ എന്ന ചോദ്യത്തിനും ഇഷയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്. തട്ടത്തിന്‍ മറയത്തില്‍ ഞാന്‍ ചെയ്ത കഥാപാത്രവും ബാല്യകാലസഖയിലെ കഥാപാത്രവും രണ്ടും രണ്ടാണ്. പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ബാല്യകാലസഖി, ഈ നോവല്‍ ഞാന്‍ വായിച്ച് തുടങ്ങിയിട്ടേയുള്ളു. ഈ ചിത്രവും എന്റെ കഥാപാത്രവും തീര്‍ത്തും വ്യത്യസ്തമായിരിക്കും- ഇഷ പറയുന്നു.

തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഭാഷ ഒരു പ്രശ്‌നമാകുമെന്ന് തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ അക്കാര്യം തന്നെ അലട്ടുന്നില്ലെന്നും ഇഷ പറയുന്നു. ഏറെ പരീക്ഷണങ്ങള്‍ നടക്കുന്ന സ്ഥലമാണ് മലയാള ചലച്ചിത്രമേഖലയെന്നും തുടര്‍ന്നു മലയാളവുമായി ഒന്നിച്ചുപോകാനാണ് തന്റെ തീരുമാനമെന്നും ഇഷ വ്യക്തമാക്കി.

English summary
Actress Isha Talwar said that she don't think age difference matters for romancing Mammootty in Balyakalasakhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam