വരുമാനത്തിന്റെ 75 ശതമാനവും പ്രളയ ബാധിതര്‍ക്ക് നല്‍കി ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍!
കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വലയുന്ന നാടിന് ആശ്വാസവുമായി മലയാളത്തില്‍ നിന്നുമൊരു സിനിമയും അണിയറ പ്രവര്‍ത്തകരും എത്തിയിരിക്കുകയാണ്. സിനിമയുടെ വരുമാനത്തിന്റെ 75 ശതമാനത്തോളം ഭാഗവും പ്രളയ ബാധിതരുടെ പുനരധിവാസത്തിന് മാറ്റിവച്ചു കൊണ്ട് നന്മയുടെ പുതിയ താളുകള്‍ രചിക്കുകയാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. 50 ശതമാനം മഴക്കെടുതിയില്‍ നശിച്ച് പോയ വീടുകളുടെ പുനര്‍നിര്‍മാണത്തിനും. ബാക്കി 25 ശതമാനം പ്രളയബാധിര്‍ക്കും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. കേരളത്തിലെ നൂറോളം തിയേറ്ററുകളില്‍ ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും. ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പുതുമുഖങ്ങളായ വിപിന്‍ മംഗലശ്ശേരി, സമര്‍ത്ഥ് അംബുജാക്ഷന്‍, സിന്‍സീര്‍ മുഹമ്മദ്, മിയശ്രീ, ഹൃദ്യ നിജിലേഷ്, ലക്ഷ്മി അതുല്‍, ശ്യാം കുറുപ്പ്, പ്രഭിരാജ് നടരാജന്‍, മുകേഷ് എം നായര്‍, ബേസില്‍ ജോസ് എന്നിവരാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരില്‍' കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ലാലു അലക്സ്, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, ബോബന്‍ സാമുവല്‍, പാഷാണം ഷാജി (സാജു നവോദയ), ജാഫര്‍ ഇടുക്കി, കോട്ടയം പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ബിജു മജീദ് സംവിധാനം ചെയ്ത ചിത്രം ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനാണ് നിര്‍മ്മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈന്‍, ഗാനരചന: സോഹന്‍ റോയ്. കഥ, തിരക്കഥ, സംഭാഷണം: കെ. ഷിബു രാജ്. സഹനിര്‍മ്മാണം: പ്രഭിരാജ് നടരാജന്‍. ക്യാമറ: പി. സി. ലാല്‍. എഡിറ്റിംഗ്: ജോണ്‍സന്‍ ഇരിങ്ങോള്‍. സംഗീത സംവിധാനം: ബിജു റാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ അങ്കമാലി. സ്റ്റില്‍സ്: സജി അലീന. പിആര്‍ഓ: എ. എസ്. ദിനേശ് എന്നിവരാണ്.

തങ്ങളുടെ ആദ്യ ചാരിറ്റി ചിത്രമായ 'ജലത്തിന്റെ' വരുമാനം മുഴുവനും ഇടുക്കിയിലെ ഭവനരഹിതര്‍ക്കായി നല്‍കിയ ഏരീസ് ഗ്രൂപ്പ് ജൂലൈ അവസാന വാരത്തില്‍ കുട്ടനാട്ടിലെ പ്രളയ ബാധിതര്‍ക്ക് ആവശ്യമായ സാധന-സാമഗ്രികളും വിതരണം ചെയ്തിരുന്നു. സിനിമയിലെ നായകവേഷം ചെയ്തതിനു പ്രതിഫലമായി തനിക്കു ലഭിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുന്നതായി നടന്‍ വിപിന്‍ മംഗലശ്ശേരി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











