ആരെയും വേദനിപ്പിക്കാനല്ല, അതൊരു തമാശയായിരുന്നു; വിവാദ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് ഐശ്വര്യ
തമിഴ് നായികാ സങ്കല്‍പത്തെ മാറ്റിയെഴുതി വിജയ യാത്ര തുടരുകയാണ് ഐശ്വര്യ രാജേഷ്. വട ചെന്നൈ, കനാ തുടങ്ങി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളും മികച്ച വിജയം നേടി. അതോടൊപ്പം ഒരു വിവാദത്തിനും ഐശ്വര്യ തിരി കൊളുത്തിയിരുന്നു.
കനാ സിനിമയുടെ വിജയാഘോഷത്തില്‍ സംസാരിക്കവെ 'ഇപ്പോള്‍ പരാജയപ്പെട്ട ചിത്രങ്ങളും ഇത്തരത്തില്‍ വിജയാഘോഷം നടത്താറുണ്ട് എന്നും എന്നാല്‍ കനാ ശരിക്കും വിജയിച്ച ചിത്രമാണ്' എന്നും ഐശ്വര്യ പറയുകയുണ്ടായി. ഐശ്വര്യയ്ക്ക് ശേഷം സംസാരിച്ച സത്യരാജ് ആ പരമാര്‍ശം എടുത്ത് സംസാരിക്കുകയുമുണ്ടായി.

ഐശ്വര്യ ഏതോ സിനിമയെ ഉന്നം വച്ചാണ് ആ പരമാര്‍ശം നടത്തിയത് എന്നും, സിനിമയ്ക്കകത്ത് നിന്നുകൊണ്ട് മറ്റൊരു ചിത്രത്തിന്റെ വിജയത്തെ പരിഹസിക്കുന്നത് തെറ്റാണെന്നുമുള്ള വിവാദം ഉയര്‍ന്നതോടെ സംഭവത്തില്‍ ഐശ്വര്യ ക്ഷമ പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടിയുടെ ഖേദപ്രകടനം.
കനാ വിജയാഘോഷത്തില്‍ ഒരു തമാശയായിട്ടാണ് ഞാന്‍ ആ പരമാര്‍ശം നടത്തിയത്. ഒരു സിനിമയെയും ഉന്നം വച്ചിട്ടല്ല. ആരെയും വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചിട്ടുമില്ല. എല്ലാ സിനിമകളും ബ്ലോക്ബസ്റ്റര്‍ ഹിറ്റാകാനാണ് എന്നും പ്രാര്‍ത്ഥിക്കുന്നത്. ഒരു സിനിമ വിജയിപ്പിക്കുന്നതിന്റെ പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ച് എനിക്ക് നന്നായി അറിയാം. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്- എന്ന് ഐശ്വര്യ എഴുതി


Click it and Unblock the Notifications











