ഐശ്വര്യ റായിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുമ്പോള്‍
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിരത്‌നം സംവിധാനം ചെയ്ത 'ഇരുവര്‍' എന്ന ചിത്രത്തിലൂടെയാണ് അന്ന് ലോക സുന്ദരിപ്പട്ടം ചാര്‍ത്തിയ ഐശ്വര്യ റായിയും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നു കഴിഞ്ഞ മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തമിഴില്‍ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ മുന്‍നിര നായികയായി മാറിയ ഐശ്വര്യ റായി ഇന്ന് ബോളിവുഡ് ബിഗ് ബിയുടെ മരുമകളാണ്. അമ്മയായതിന് ശേഷം ഐശ്വര്യ റായി അഭിനയത്തിലേക്ക് തിരിച്ചുവരുന്നു എന്ന് പല കോണില്‍ നിന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐശ്വര്യ വരുന്നു, അതും പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ താരങ്ങളെ അണിനിരത്തി എംടിവാസുദേവന്‍ ഒരുക്കുന്ന 'രണ്ടാമൂഴം'ത്തിലൂടെയാണ് വീണ്ടും ഈ ഒത്തുചേരല്‍. മഹാഭാരതത്തെ അസ്പദമാക്കി രചിച്ച രണ്ടാമൂഴത്തിലെ കേന്ദ്രകഥാപാത്രം ഭീമനാണ്. മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും നോവലില്‍ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നത്.
പലപ്പോഴും സഹോദരന്മാരുടെ ചിന്തകള്‍ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതല്‍ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു.

ഭീമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ ദ്രൗപതിയുടെ വേഷമാണ് ഐശ്വര്യ റായിക്ക്. ഇവരെ കൂടാതെ ഭീഷ്മനായി അമിതാഭ് ബച്ചനും അര്‍ജുനായി വിക്രമും വേഷമിടും. കല്യാണ്‍ ജ്യൂവലറിക്ക് വേണ്ടി മഞ്ജു വാര്യരുടെ പരസ്യം സംവിധാനം ചെയ്ത ശ്രീകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംഗീത സംവിധാനം എആര്‍ റഹ്മാന്‍, കലാസംവിധാനം സാബു സിറില്‍, ഛായാഗ്രഹണം കെയു മോഹന്‍ എന്നിങ്ങനെയാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.


Click it and Unblock the Notifications