റിലീസിന് മുന്‍പ് സിനിമ മോശമാണെന്ന് കമന്റിട്ട പ്രേക്ഷകനോട് അജു വര്‍ഗീസ് പറഞ്ഞത്! വൈറലായി മറുപടി
ഓണം റിലീസ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് അജു വര്‍ഗീസ്. ഓണത്തിന് ഇറങ്ങിയ രണ്ട് സിനിമകളില്‍ പ്രധാന കഥാപാത്രമായി നടന്‍ അഭിനയിച്ചിരുന്നു. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.. ബിജു മേനോന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ആദ്യരാത്രി എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ അജു എത്തുന്നുണ്ട്. സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

ബാഹുബലിയിലെ ഗാനരംഗത്തെ ഓര്‍മ്മിപ്പിക്കുന്ന വിധമായിരുന്നു സംവിധായകന്‍ പാട്ടിന്റെ സീനുകള്‍ അണിയിച്ചൊരുക്കിയിരുന്നത്. ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും എത്തിയ ഗാനരംഗം സോഷ്യല്‍ മീഡിയ എറ്റെടുത്തിരുന്നു. ആദ്യരാത്രിയിലെ ഗാനരംഗം തരംഗമായതിനെ തുടര്‍ന്ന് നിരവധി ട്രോളുകളും പിന്നാലെ പുറത്തിറങ്ങിയിരുന്നു. അതിലൊരു ട്രോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അജു വര്‍ഗീസ് പങ്കുവെക്കുകയും ചെയ്തു.

ആദ്യമായാണ് താന്‍ അഭിനയിച്ച മുഴൂനീളന്‍ ഗാനം നിമിഷ നേരംകൊണ്ട് ഹിറ്റാവുന്നത് എന്ന ട്രോള്‍ പോസ്റ്റായിരുന്നു അജു വര്‍ഗീസ് പങ്കുവെച്ചത്. പിന്നാലെ "സിനിമ കണ്ടവര്‍ അങ്ങനെ തന്നെയാണ് പറയുന്നത് നിമിഷ നേരംകൊണ്ട് കീശയിലെ കാശ് പൊയെന്ന്" ഒരാള്‍ കമന്റ് ചെയ്തിരുന്നു, റിലീസ് തിയ്യതി പോലും പ്രഖ്യാപിക്കാത്ത ചിത്രത്തെ പറ്റിയാണ് പ്രേക്ഷകരില്‍ ഒരാള്‍ നടന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

കമന്റിന് അജു വര്‍ഗീസ് നല്‍കിയ മറുപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്. അപ്പോ താങ്കള്‍ ഈ സിനിമ കണ്ടു കഴിഞ്ഞു. വൗ എന്നായിരുന്നു അജു വര്‍ഗീസിന്റെ കമന്റ് ചെയ്തത്. അജു വര്‍ഗീസിന്റെ കമന്റിന് പിന്നാലെ നടനെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. അതേസമയം ഞാനെന്നും കിനാവ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആയിരുന്നു ആദ്യരാത്രിയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്.

വെളളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിച്ച സിനിമ കൂടിയാണ് ആദ്യരാത്രി. കല്യാണ ബ്രോക്കറായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്നേഹ ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഷാരിസ്, ജെബിന്‍ തുടങ്ങിയവരാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവ എഴുതിയിരിക്കുന്നത്.


Click it and Unblock the Notifications











