സ്വന്തം പടത്തിന്റെ ഫസ്റ്റ്‌ലുക്കിന് ട്രോളോടു ട്രോള്‍! ആഘോഷിച്ച് അജു വര്‍ഗീസ്
ഹെലന്‍, കമല എന്നീ രണ്ട് ചിത്രങ്ങളിലൂടെ അടുത്തിടെ ട്രാക്ക് മാറ്റിപ്പിടിച്ച താരമാണ് അജു വര്‍ഗീസ്. ഹാസ്യവേഷങ്ങളില്‍ നിന്നും നായകനായും വില്ലനായുമൊക്കെയാണ് നടന്‍ തിളങ്ങിയത്. കമലയ്ക്ക് പിന്നാലെ അജു നായകനാവുന്ന പുതിയൊരു ചിത്രം കൂടി വരികയാണ്. സാജന്‍ ബേക്കറി സിന്‍സ് 1962ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അജു എഴുത്തില്‍ കൂടി പങ്കാളിയായ ചിത്രം അരുണ്‍ ചന്ദുവാണ് സംവിധാനം ചെയ്യുന്നത്.

സാജന്‍ ബേക്കറിയുടെ പോസ്റ്ററിന് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇതില്‍ രസകരമായൊരു ട്രോള്‍ അജു വര്‍ഗീസ് തന്റെ പേജിലൂടെ ഷെയര്‍ ചെയ്തിരുന്നു. ഒരു സൈക്കിളിന് പിറകില്‍ ഇരുന്ന് യാത്ര ചെയ്യുന്ന അജുവാണ് ഫസ്റ്റ്‌ലുക്കിലുളളത്. ഇത് മണിച്ചിത്രത്താഴിലെ ഇന്നസെന്റിന്റെ രംഗവുമായി സാമ്യപ്പെടുത്തിയായിരുന്നു ട്രോള്‍.
അജു വര്‍ഗീസിനൊപ്പം അരുണ്‍ ചന്തുവും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ സംഗീതം പ്രശാന്ത് പിളള. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ഫണ്‍ടാസ്റ്റിക് ഫിലിംസും എംസ്റ്റാര്‍ ലിറ്റില്‍ കമ്മ്യൂണിക്കേഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications