വിനീത് ശ്രീനിവാസന്റെ കോളറിന് പിടിച്ച് അജുവിന്റെ ആശംസ, ആരാധകരുടെ കമന്റുകള്‍ ഇങ്ങനെ
മലയാള സിനിമയിലെ എല്ലാ മേഖലകളിലും തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിനീത് ശ്രീനിവാസന്‍. പിന്നണി ഗായകനായി മോളിവുഡിലേക്ക് എത്തിയ താരം പിന്നീട് നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കിളിച്ചുണ്ടന്‍ മാമ്പഴത്തിലാണ് വിനീത് ആദ്യമായി പാടിയത്. തുടര്‍ന്ന് ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കും വിനീത് എത്തിയത്. അഭിനയത്തിന് പുറമെ സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിരുന്നു നടന്‍.

അതേസമയം മലയാളികളുടെ പ്രിയതാരത്തിന്റെ ജന്മദിനമാണ് ഇന്ന്. വിനീത് ശ്രീനിവാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. സിനിമാ ലോകവും ആരാധകരും ഒന്നടങ്കം നടന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. കൂട്ടത്തില്‍ വിനീതിന്റെ അടുത്ത സുഹൃത്തും നടനുമായ അജു വര്‍ഗീസിന്റെ ആശംസാ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രസകരമായ ഒരു പോസ്റ്റുമായിട്ടാണ് അജു എത്തിയത്.
ഹെലന്‍ എന്ന ചിത്രത്തില്‍ വിനീതിനൊപ്പമുളള ഒരു രംഗത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സുഹൃത്തിന് അജു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഹാപ്പി ബെര്‍ത്ത്‌ഡേ ഗുരു എന്നാണ് അജു വര്‍ഗീസ് വിനീതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ചിത്രത്തില്‍ പോലീസ് ഓഫീസറായ അജു വിനീതിന്റെ കോളറിന് പിടിക്കുന്നതായിട്ടാണ് കാണിക്കുന്നത്. അതേസമയം അജുവിന്റെ ആശംസാ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആശാന്റെ നെഞ്ചത്തു തന്നെ ആണല്ലേ എന്നാണ് ആരാധകരില്‍ ഒരാള്‍ അജുവിന്റെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വിനീതിന്റെ തന്നെ നിരവധി സിനിമകളില്‍ അജുവും എത്തിയിരുന്നു. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കോമഡി വേഷങ്ങളില്‍ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ അജു അടുത്തിടെയാണ് വില്ലനായും നായകനായുമൊക്കെ തിളങ്ങിയത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ സഹസംവിധായകനായും അജു വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications