ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥിനും ഷൈനും പുറമെ ബിഗ് ബോസ് താരത്തിനും നോട്ടീസ് അയച്ച് എക്സൈസ്
വിവാദമായ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും പുറമെ എക്സൈസ് അഞ്ച് പേർക്ക് കൂടി നോട്ടീസ് അയച്ചു. മുൻ ബിഗ് ബോസ് താരം, കൊച്ചിയിലെ ഒരു മോഡൽ എന്നിവരാണ് നോട്ടീസ് ലഭിച്ച അഞ്ചുപേരിൽ രണ്ടുപേർ. താരങ്ങൾക്കും മോഡലിനും മാത്രമല്ല സിനിമയിലെ ഒരു അണിയറപ്രവർത്തകനും എക്സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്നാൽ പുതുതായി നോട്ടീസ് ലഭിച്ച ഇവർ ആരൊക്കെയാണെന്ന പേര് വിവരങ്ങൾ എക്സൈസ് പുറത്ത് വിട്ടിട്ടില്ല. ഈ വരുന്ന ഇരുപത്തിയെട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ഇവർ അഞ്ച് പേർക്കും എക്സൈസ് നേരിട്ട് ചെന്നാണ് നോട്ടീസ് നൽകിയത്. കേസിലെ പ്രതി തസ്ലീമ സുൽത്താനയുമായി ഈ അഞ്ച് പേരും പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ പണമിടപാട് നടത്തിയതെന്ന് വിശദമായി ചോദിച്ചറിയാനാണ് നോട്ടീസ് നൽകി വിളിപ്പിക്കുന്നത്. തസ്ലീമ സുൽത്താനയുടെ ലഹരി ഇടപാടിൽ ഇവർക്ക് പങ്കുണ്ടോയെന്നും എക്സൈസ് അന്വേഷിക്കും. തമിഴ്‌നാട് എണ്ണൂർ സത്യവാണിമുത്ത് നഗർ സ്വദേശി സുൽത്താൻ അക്‌ബർ അലി, ക്രിസ്റ്റിനെ എന്ന് അറിയപ്പെടുന്ന ഭാര്യ തസ്‌ലീമ സുൽത്താന, സഹായി മണ്ണഞ്ചേരി സ്വദേശി കെ ഫിറോസ് എന്നിവരെയാണ് അടുത്തിടെ ആലപ്പുഴയിൽ വെച്ച് രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
പ്രധാന പ്രതികളിൽ ഒരാളായ സുൽത്താൻ ഇക്കഴിഞ്ഞ മാർച്ച് ആദ്യ വാരത്തിലാണ് മലേഷ്യയിൽ നിന്നും കഞ്ചാവ് ചെന്നൈയിൽ എത്തിച്ചത്. ശേഷം എറണാകുളത്തും ആലപ്പുഴയിലും വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
തസ്‌ലീമ സുൽത്താനയും സഹായിയും ചേർന്നാണ് കഞ്ചാവ് കേരളത്തിൽ വിൽപ്പന നടത്തിയത്. ഇവരെ പിടികൂടിയശേഷമാണ് സുൽത്താനെ കുറിച്ച് എക്സൈസ് അറിയുന്നതും പിടികൂടുന്നതും. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളേയും അവർ താമസിച്ച ഹോട്ടലുകളിലും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിനിമാ താരങ്ങളുമായി ലഹരി ഇടപാട് നടത്തിയിട്ടുണ്ടെന്ന് പിടിയിലായശേഷം തസ്ലീമ മൊഴി നൽകിയിരുന്നു.
അതിനുശേഷമാണ് ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നീ നടന്മാരുടെ പേരുകളും കേസിൽ ഉൾപ്പെടുന്നത്. മാത്രമല്ല ലഹരി വിൽപ്പന സംഘവുമായി താരങ്ങൾ നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശ്രീനാഥ് ഭാസിയോട് ഹൈബ്രിഡ് വേണോയെന്ന് തസ്ലീമ വാട്സ് ആപ്പ് ചെയ്ത് ചോദിച്ചപ്പോൾ വെയിറ്റ് എന്ന മറുപടി ശ്രീനാഥ് നൽകിയതായി പോലീസ് കണ്ടെത്തി.

എന്നാൽ ഷൈൻ ടോം ചാക്കോയുമായുള്ള തസ്ലീമയുടെ ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥിരമായി ലഹരി എത്തിച്ച് കൊടുക്കാറുള്ളവരിൽ പ്രധാനിയാണ് തസ്ലീമയെന്നും റിപ്പോർട്ടുണ്ട്. അതേസമയം തസ്ലീമയുമായി കഞ്ചാവ് ഇടപാട് നടത്തിയിട്ടില്ലെന്ന് തന്നെയാണ് ശ്രീനാഥ് ഭാസി ആവർത്തിച്ച് പറയുന്നത്.
ഒരിക്കൽ തസ്ലീമ ഫോൺ വിളിച്ച് കഞ്ചാവ് വേണോയെന്ന് ചോദിച്ചിരുന്നവെന്നും അന്ന് കളിയാക്കുന്നത് പോലെയാണ് തോന്നിയതെന്നുമാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോയും ഉൾപ്പെടുമെന്ന വാർത്ത പുറത്ത് വന്നശേഷം യുവനടി വിൻസി അലോഷ്യസും നടനെതിരെ രംഗത്ത് എത്തിയിരുന്നു. ഷൈൻ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നതായി താൻ സംശയിക്കുന്നുവെന്നും നടന്റെ വായിൽ നിന്നും വെള്ള പൊടി വരുന്നത് കണ്ടിട്ടുണ്ടെന്നുമാണ് വിൻസി പറഞ്ഞത്.
മാത്രമല്ല നടൻ തന്നോട് മോശമായി പെരുമാറിയെന്നും വിൻസി വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം കഴിഞ്ഞ കുറച്ച് അധികം നാളുകളായി ചർച്ചയിലുള്ള വിഷയമാണ്. മുമ്പും ലഹരി കേസുകളിൽ ഷൈനിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടായിരുന്നു.


Click it and Unblock the Notifications











