അവാര്‍ഡ് എത്ര കിട്ടിയാലും ചിലര്‍ക്ക് മതിയാകില്ല! അത് ഒരു രോഗമാണ്! വിമര്‍ശനവുമായി അലന്‍സിയര്‍
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ച കെജെ യേശുദാസിനെയും സംവിധായകന്‍ ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍ ലോപ്പസ്. ചടങ്ങ് ബഹിഷ്‌കരിച്ച് 68ഓളം സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയപ്പോഴും യേശുദാസും ജയരാജും പുരസ്‌കാരം സ്വീകരിച്ചത് നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലന്‍സിയറും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

ചിലര്‍ക്ക് എത്ര അവാര്‍ഡ് കിട്ടിയാലും മതിയാകില്ലെന്നും ഇതൊരു രോഗമാണ്, ചികിത്സ വേണമെന്നും അലന്‍സിയര്‍ പറഞ്ഞു. ഇത്തവണ പതിനൊന്ന് പേര്‍ക്കല്ലാതെ മറ്റാര്‍ക്കും രാഷ്ട്രപതി നേരിട്ട് പുരസ്‌കാരം നല്‍കില്ലെന്ന് കേന്ദ്രം അറിയിച്ചതോടെയാണ് സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കു തുടക്കമായിരുന്നത്. മലയാള സിനിമാ പ്രവര്‍ത്തകരടക്കം 68ഓളം പേര്‍ പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലെ വിഞ്ജാന്‍ ഭവനില്‍ നടന്ന പുരസ്‌കാര ചടങ്ങിന്റെ റിഹേഴ്‌സലിനിടെയാണ് കേന്ദ്രം പുതിയ തീരുമാനം പുരസ്‌കാര ജേതാക്കളെ അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ തീരുമാനം അറിഞ്ഞതോടെ സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പുരസ്‌കാര ജേതാക്കളെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ പ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തിനിടയിലും കേന്ദ്രസര്‍ക്കാര്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയിരുന്നു. ഇത്തവണ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ വെച്ചാണ് കേന്ദ്രം പുരസ്‌കാര വിതരണ ചടങ്ങ് നടത്തിയിരുന്നത്. പതിനൊന്ന് പേര്‍ക്ക് മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദും ബാക്കിയുളളവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായിരുന്നു പുരസ്‌കാരം നല്‍കിയിരുന്നത്.


Click it and Unblock the Notifications











