ഫഹദ് ഫാസിൽ ഗംഭീര നടൻ, എന്നെങ്കിലും ഒപ്പം അഭിനയിക്കണം; ആവേശം പ്രിയപ്പെട്ട സിനിമ: ആലിയ ഭട്ട്
ഇന്ത്യൻ സിനിമാ ലോകത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. സൂപ്പർതാര പദവിയിലിരിക്കുന്ന ആലിയ നടൻ ഫഹദ് ഫാസിലിനെ പ്രശംസിച്ചിരിക്കുകയാണിപ്പോൾ. ഫഹദ് മികച്ച നടനാണെന്നും ആവേശം തനിക്കിഷ്ടപ്പെട്ട സിനിമയാണെന്നും ആലിയ ഭട്ട് പറയുന്നു. ഫഹദ് ഫാസിലിന്റെ വർക്കുകൾ ഞാൻ വളരെ ആരാധിക്കുന്നു. ഗംഭീര നടനാണ് അദ്ദേഹം. ആവേശം എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. എന്നെങ്കിലും ഫഹദിനൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നെന്നും ആലിയ ഭട്ട് വ്യക്തമാക്കി. ബ്രൂട്ട് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക സംവിധായകർക്കൊപ്പമോ നടൻമാർക്കൊപ്പമോ പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആലിയ ഭട്ട്. പ്രാദേശിക ഭാഷാ സിനിമയെന്ന വേർതിരിവ് വേണ്ടതില്ലെന്നും സിനിമാ രംഗം ഒന്നാണെന്നും ആലിയ പറയുന്നുണ്ട്. മഹാമാരിക്കാലം എന്നെ പഠിപ്പിച്ചത് നമ്മളെല്ലാവരും ഒരു യൂണിറ്റാണെന്നാണ്. ഇന്ന് എല്ലാ ഭാഷയിലെ കണ്ടന്റും ഒരു പ്ലാറ്റ്ഫോമിൽ ലഭിക്കുമെന്നും ആലിയ ഭട്ട് ചൂണ്ടിക്കാട്ടി.


നടൻ റോഷൻ മാത്യുവിനെയും ആലിയ പ്രശംസിക്കുന്നുണ്ട്. റോഷൻ മാത്യുവിനൊപ്പം ഡാർലിംഗ്സിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചു. ഒരുപാട് മലയാളം കണ്ടന്റുകൾ ചെയ്ത റോഷൻ ഇന്ന് ഹിന്ദിയിൽ അലയൊലുകൾ ഉണ്ടാക്കുന്നെന്നും ആലിയ ഭട്ട് ചൂണ്ടിക്കാട്ടി. 2022 ലാണ് ഡാർലിംഗ്സ് റിലീസ് ചെയ്യുന്നത്.
തന്റെ കരിയറിനെക്കുറിച്ചും ആലിയ ഭട്ട് അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്. സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേക സ്ട്രാറ്റജി ഇല്ല. ചെറുപ്പത്തിലേ എന്റെ പിതാവ് ഇക്കാര്യത്തിൽ അവബോധമുണ്ടാക്കിയിട്ടുണ്ട്. ഒരു സിനിമയിലൂടെയോ ഒരു പ്രത്യേക ഴോണറിലുള്ള സിനിമയിലൂടെയോ വിജയം ലഭിച്ചാൽ അതേ വിജയം ആവർത്തിക്കാൻ ആ പ്രോസസ് തന്നെ സ്വീകരിക്കാൻ ശ്രമിക്കും. അത് ആവർത്തനമാകും. സ്വയം ചാലഞ്ച് ചെയ്യില്ല. ഒരു അഭിനേത്രിയെന്ന നിലയിൽ ഈ പ്രൊജക്ട് എന്നെ എങ്ങനെ ചലഞ്ച് ചെയ്യുമെന്നാണ് നോക്കുക.
ഫിലിം മേക്കറും റെെറ്റിംഗും വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ ഒരു എഴുത്തുകാരന്റെ മകളാണ്. എഴുത്തുകാരുടെ കുടുംബമാണ് എന്റേത്. അമ്മയും അച്ഛനും സഹോദരിയുമെല്ലാം എഴുത്തുകാരാണ്. ഒരു പ്രൊഡ്യൂസറെന്ന നിലയിലും ഞാൻ എൻജോയ് ചെയ്യുന്ന പ്രോസസ് സ്ക്രിപ്റ്റ് ഡെവലപ്മെന്റാണ്. അവിടെയാണ് എല്ലാം തുടങ്ങുന്നത്.
ജിഗ്രയാണ് ആലിയ ഭട്ടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 2024 ലാണ് ജിഗ്ര റിലീസ് ചെയ്തത്. ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടു. എന്നാൽ ഒടിടി റിലീസിന് ശേഷം ശ്രദ്ധ നേടി. താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആൽഫ, വാർ ആന്റ് ലൗ എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന സിനിമകൾ. 32 കാരിയായ ആലിയക്ക് കരിയറിൽ വലിയ അവസരങ്ങളാണിപ്പോൾ ലഭിക്കുന്നത്.


സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന ആലിയ ഭട്ട് ഹെെവേ എന്ന സിനിമയിലൂടെയാണ് വൻ ജനപ്രീതി നേടുന്നത്. പിന്നീടിങ്ങോട്ട് ബോളിവുഡിലെ മുൻനിര നായിക നടിയായി ആലിയ ഭട്ട് മാറി. ആലിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡിൽ തുടരെ സിനിമകൾ ചെയ്യുന്ന ആലിയ ആർആർആർ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഹേർട്ട് ഓഫ് സ്റ്റോൺ എന്ന സിനിമയിലൂടെ ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു.


Click it and Unblock the Notifications











