എആര്‍ റഹ്മാന്റെ സംഗീതത്തില്‍ ആലിയയുടെ ഗാനം
ഒരൊറ്റ സിനിമകൊണ്ട് ബോളിവുഡിന്റെ മനംകവര്‍ന്ന താരമാണ് ആലിയ ഭട്ട്. അടുത്തിടെ പുറത്തിറങ്ങിയ ദാബൂ രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടറില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ട് ആലിയ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗായികയുടെ റോളിലും ആരാധകരെ വിസ്മയിപ്പിക്കാനെത്തുകയാണ് ആലിയ.
എആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തിലാണ് ആലിയ പാടാന്‍ പോകുന്നത്. പുതിയ ചിത്രമായ ഹൈവേയ്ക്കുവേണ്ടിയാണ് സുഹാ സാ എന്നു തുടങ്ങുന്ന മെലഡി ആലിയ ആലപിച്ചിരിക്കുന്നത്. ആലിയ ട്വിറ്ററിലൂടെ ഗാനചിത്രീകരണമുള്ള വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയില്‍ എആര്‍ റഹ്മാന്‍ ആലിയയെ പാടാന്‍ പഠിപ്പിയ്ക്കുന്നതും മറ്റും കാണിയ്ക്കുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് താന്‍ പാടുന്നതെന്നാണ് വീഡിയോയ്‌ക്കൊപ്പം ആലിയ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രമായ ഹൈവേയില്‍ ആലിയയ്‌ക്കൊപ്പം രണ്‍ദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാജിദ് നാദിയവാല നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി 21നാണ് റിലീസ് ചെയ്യുന്നത്. വീര ത്രിപാടിയെന്നാണ് ചിത്രത്തില്‍ ആലിയയുടെ കഥാപത്രത്തിന്റെ പേര്.
പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയറാണ് ആലിയ നായികയായി അഭിനയിച്ച ആദ്യം ചിത്രം.
1999ല്‍ സംഘര്‍ഷ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ആലിയ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. 2 സ്റ്റേറ്റ്‌സ്, ഹംപ്റ്റി ശര്‍മ്മ കി ദുല്‍ഹനിയാ എന്നീ ചിത്രങ്ങളാണ് ആലിയയുടേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications












