മകളുടെ നൃത്ത പരിപാടിയ്ക്ക് മുന്‍പ് ഊര്‍മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു! മാപ്പു പറയണമെന്ന് സംഘാടകര്‍
മകളുടെ നൃത്ത പരിപാടിയ്ക്ക് മുന്‍പ് നടി ഊര്‍മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞെന്ന ആരോപണം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ഒരു ക്ഷേത്രത്സോവവുമായി ബന്ധപ്പെട്ട് ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണിയുടെ നൃത്തം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നൃത്തിന് മുന്നോടിയായി അനൗണ്‍സ് ചെയ്യാന്‍ എടുത്ത മൈക്ക് ഊര്‍മിള വലിച്ചെറിയുകയായിരുന്നു. ഇതിനെതിരെ ലൈറ്റ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി രാഗം രാധകൃഷ്ണന്‍ എത്തിയിരിക്കുകയാണ്.
രാഗം രാധകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയ ഉര്‍മ്മിള ഉണ്ണി, നിങ്ങളുടെ കഴിവുകളും പ്രതിഭയും ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞങ്ങളെ പോലുള്ള ലൈറ്റ് ആന്റ് സൗണ്ട് പ്രവര്‍ത്തകരുടെ വികാരം കൂടി നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. വെറും സാധാരണക്കാരില്‍ സാധാരണക്കാരാണ് ഞങ്ങള്‍. സ്വന്തം കൂരയില്‍ കഞ്ഞി പുകയാന്‍ സ്വന്തം പണം മുടക്കി സ്വയം തൊഴില്‍ കണ്ടെത്തി ജീവിക്കുന്നവര്‍. സ്വന്തം കിടപ്പാടം പണയപ്പെടുത്തി വാങ്ങിയ ലൈറ്റ് ആന്റ് സൗണ്ട് ഉപകരണങ്ങള്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനോളം വിലയുള്ളതാണ്.

നിങ്ങള്‍ നിലത്തിട്ടു ചവിട്ടി ചെളിയാക്കിയ കേബിളുകള്‍ ഞങ്ങള്‍ വെള്ളം നനച്ചു തുടച്ചു വൃത്തിയാക്കി പെട്ടിയിലിട്ട് സൂക്ഷിക്കുകയാണ് പതിവ്. ഓരോ രാത്രിയിലെയും പരിപാടി കഴിഞ്ഞ് വെളുക്കുവോളം പണിയെടുത്താണ് ഞങ്ങള്‍ കൂരയിലെത്തുന്നത്. നിങ്ങള്‍ പരസ്യമായി മൈക്ക് താഴേക്ക് വലിച്ചെറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വിളമ്പി വച്ച ചോറ് കാലുകൊണ്ട് തൊഴിച്ചു തെറിപ്പിച്ച അനുഭവമാണ് ഉണ്ടായത്. സംഭവിച്ചു പോയ ഒരു സാങ്കേതിക പിഴവിന് ഇത്രയേറെ ഞങ്ങളെ കശക്കിയെറിയാന്‍ കാരണമെന്താണ്? ഞങ്ങള്‍ വെറും സാധാരണക്കാരായതു കൊണ്ടല്ലേ?
താങ്കള്‍ ഒന്നു മനസ്സിലാക്കണം. ഞങ്ങളുടെ ആത്മാഭിമാനം പണയം വക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട ഒരു സമൂഹമാണ് ഞങ്ങളുടേത്. പലരും ചിലവ് ചുരുക്കിയപ്പോള്‍ പറിച്ചെടുത്തത് ഞങ്ങളുടെ അരവയറിലെ ആഹാരമാണ്. ആരുടെ മുന്നിലും കൈ നീട്ടാതെ ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. അതിനിടയില്‍ ഞങ്ങളെ പുറങ്കാലിന് തൊഴിക്കരുത്. ഇല്ല. ഞങ്ങള്‍ ഉറച്ച തീരുമാനമെടുക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ തൊഴിലിനോട് കാണിച്ച അവമതിക്ക് മാപ്പു പറയണം. അതു വരെ ഞങ്ങള്‍ നിങ്ങളുടെ തൊഴിലിനോട് സഹകരിക്കില്ല


Click it and Unblock the Notifications











