കേരളത്തിനൊപ്പം താനുമുണ്ടെന്ന് അല്ലു അര്‍ജുന്‍! ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി നടന്‍
തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ഇവിടെയും ലഭിക്കാറുളളത്. ആര്യ,ഹാപ്പി പോലുളള സിനിമകള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അല്ലുവിന് കേരളത്തിലും ആരാധകരുണ്ടായത്. തുടര്‍ന്ന് തന്റെ എല്ലാ ചിത്രങ്ങളും കേരളത്തിലും റിലീസിനെത്തിയിരുന്നു. അല്ലു അര്‍ജുന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ അല വെെകുന്ദപുരംലോ കേരളത്തില്‍ നിന്നും വലിയ വിജയമാണ് നേടിയത്.

മലയാളികളോടുളള തന്റെ ഇഷ്ടം നടന്‍ എപ്പോഴും തുറന്നുപറയാറുണ്ട്. അടുത്തിടെയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ സഹായം പ്രഖ്യാപിച്ചത്. തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ദുരിതാശ്വാസ തുകയ്ക്ക് പുറമെയാണ് അല്ലു അര്‍ജുന്‍ കേരളത്തിനും സംഭാവന ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുമുണ്ടെന്ന് അല്ലു അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ 37ാം ജന്മദിനമായിരുന്നു. കോവിഡ് ദുരിതാശ്വാസത്തിനായി ഇതുവരെ അല്ലു അര്‍ജുന്‍ 1.25 കോടി രൂപയാണ് നല്‍കിയിരിക്കുന്നത്. മുന്‍പ് പ്രളയ കാലത്തും കേരളത്തിന് കൈതാങ്ങായി അല്ലു അര്‍ജുന്‍ എത്തിയിരുന്നു.
അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് മികച്ച രീതിയില്‍ സംഭാവനകള്‍ ലഭിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. സാധിക്കുന്നവരെല്ലാം തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 50 ലക്ഷം നല്‍കിയിരുന്നു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
കോവിഡ് പ്രതിരോധത്തിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ നിയന്ത്രണങ്ങളെയും നടന്‍ അഭിനന്ദിച്ചു. കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷി ചരിത്രത്തിന്റെ ഭാഗമാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.


Click it and Unblock the Notifications