പ്രേമം തരംഗമായതിന് പിന്നാലെ വിവാഹം! അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ച് അല്‍ഫോണ്‍സും അലീനയും
നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നിവിന്‍ പോളി നായകനായ പ്രേമത്തിന്റെ വിജയം സംവിധായകന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ചിത്രം വലിയ വിജയമായി മാറിയിരുന്നു. പ്രേമത്തിന്‌റെ വിജയത്തിന് പിന്നാലെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ ലഭിച്ച സംവിധായകന്‍ കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍.
സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും പുതിയ നടീനടന്മാരെ ധാരാളമായി അല്‍ഫോണ്‍സ് പുത്രന്‍ പരിചയപ്പെടുത്തിയിരുന്നു. ഇരുനൂറിലധികം ദിവസങ്ങളാണ് സംവിധായകന്റെ രണ്ടാമത്തെ ചിത്രമായ പ്രേമം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. റിലീസ് ചെയ്ത അഞ്ച് വര്‍ഷത്തിലധികം ആയെങ്കിലും ഇന്നും തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ് പ്രേമം.

നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്റ മറ്റ് സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. അതേസമയം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ തന്റെ അഞ്ചാം വിവാഹ വാര്‍ഷികാഘോഷ ചിത്രങ്ങളാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്.

2015 ഓഗസ്റ്റിലായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെയും ഭാര്യ അലീനയുടെയും വിവാഹം നടന്നത്. ആലുവ കളത്തില്‍ ലെയിന്‍ മാഞ്ഞൂരാന്‍ വീട്ടില്‍ പുത്രന്‍ പോളിന്റെയും ഡെയ്‌സി പുത്രന്റെയും മകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ഏതന്‍, ഏയ്‌ന എന്നിങ്ങനെയാണ് അല്‍ഫോണ്‍സ് പുത്രന്റെയും അലീനയുടെയും മക്കളുടെ പേര്.

വിവാഹ വാര്‍ഷികത്തില്‍ മക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും, ഭാര്യ അലീനയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളുമാണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചിരിക്കുന്നത്. അഞ്ചാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യക്കൊപ്പമുളള സെല്‍ഫി ചിത്രങ്ങളും നടന്‍ പങ്കുവെച്ചിട്ടുണ്ട്. അല്‍ഫോണ്‍സിന്റെ ചിത്രങ്ങള്‍ക്ക് പിന്നാലെ പ്രിയ സംവിധായകനും ഭാര്യയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ആരാധകരും എത്തിയിരുന്നു.

പ്രേമത്തിന് പിന്നാലെ കാളിദാസ് ജയറാമിനെ നായകനാക്കിയുളള ഒരു ചിത്രമാണ് അല്‍ഫോണ്‍സ് പുത്രന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് സംവിധായകന്‍ നടത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമക്കായി സംഗീതം പഠിക്കാനായും സംവിധായകന്‍ സമയം കണ്ടെത്തിയിരുന്നു. സംവിധാനത്തിന് പുറമെ ഏഡിറ്റിങ്ങിലും തിളങ്ങിയ ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. മുന്‍പ് മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു.

സംവിധാനത്തിന് പുറമെ അഭിനേതാവായും തിളങ്ങിയിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തില്‍ റോണി വര്‍ഗീസ് എന്ന കഥാപാത്രമായി സംവിധായകനും അഭിനയിച്ചിരുന്നു. പ്രേമത്തിന് പുറമെ തമിഴ് ചിത്രമായ ചെന്നെെ ഉങ്കളെ അന്‍ബുഡന്‍ വരവേര്‍ക്കിറൈത് എന്ന സിനിമയിലും അല്‍ഫോണ്‍സ് പുത്രന്‍ അഭിനയിച്ചിരുന്നു. തൊബാമ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായും തുടക്കം കുറിച്ചിരുന്നു അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് മുന്‍പ് നിരവധി ഹ്രസ്വചിത്രങ്ങളും സംവിധായകന്റെതായി വന്നിരുന്നു.


Click it and Unblock the Notifications