സ്‌നേഹത്തില്‍ കുളിച്ച് നില്‍ക്കുകയാണെന്ന് അമല
തെന്നിന്ത്യയിലെ പുത്തന്‍ കമിതാക്കളാണ് അമല പോളും സംവിധായകന്‍ എഎല്‍ വിജയിയും. പ്രണയം തുടങ്ങിയിട്ട് കുറച്ച് നാളായെങ്കിലും രണ്ടുപേരും അക്കാര്യം തുറന്നുപറയുന്നത് ഈയിടെയാണ്, ശരിയ്ക്കും പറഞ്ഞാല്‍ പ്രണയവും വിവാഹക്കാര്യവുമെല്ലാം ഒന്നിച്ചാണ് ഇവര്‍ പുറത്തുവിട്ടത്.
ജൂണ്‍ 12ന് ചെന്നൈയില്‍ വച്ചാണ് അമല പോള്‍-വിജയ് വിവാഹം നടക്കുക. ഇക്കാര്യം അമലയുടെ അമ്മ നേരത്തേ തന്നെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ പ്രണയിയ്ക്കുന്ന കാര്യവും വിവാഹിതയാകാന്‍ പോകുന്നകാര്യവുമെല്ലാം അമല തന്നെ ആരാധകരോട് പറഞ്ഞിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അമല ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

അമല വിവാഹക്കാര്യം വെറുതേയങ്ങ് പറഞ്ഞുപോവുകയല്ല ചെയ്തത്. ഹൃദയഹാരിയായ ഒരു കുറിപ്പിലുടെ പ്രേക്ഷകഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. കുറിപ്പ് വായിച്ചാല്‍ ആരുടെയും ഉള്ളൊന്ന് കുളിര്‍ക്കും.
ഒരു കൊച്ചുപെണ്‍കുട്ടി ഇന്നലെയാണ് പപ്പയുടെ കയ്യും പിടിച്ച് സ്‌കൂളിലേയ്ക്ക് പോയത്. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം അവളെരക്ഷിയ്ക്കാന്‍ ചേട്ടനുണ്ടായിരുന്നു. ശിക്ഷയും ഉപദേശങ്ങളും നല്‍കി നല്ല കുട്ടിയാക്കാന്‍ അമ്മയും. പക്ഷേ അവരെയെല്ലാം പലപ്പോഴും ആ പെണ്‍കുട്ടി സെന്റിമെന്റലാക്കി. പലപ്പോഴും പലകാര്യങ്ങളിലും അവരെ സ്തബ്ധരാക്കി, വീടിനെത്തുന്നെ നിശബ്ദമാക്കി. എന്നാലും എന്നും ഈ പെണ്‍കുട്ടി അവരുടെ രാജകുമാരിയാണ്. അത്തരം എല്ലാ വേദനകളും അവസാനിയ്ക്കുകയാണ്.
ജീവിതം പുതിയൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഞാനും എന്റെ പങ്കാളിയും ഇനിയുള്ള കാലം ജീവിതം ഒന്നിച്ചുപങ്കിടാനായി കാത്തിരിക്കുകയാണ്...ഇങ്ങനെ പോകുന്നു അമലയുടെ കുറിപ്പ്.
കുറിപ്പില്‍ വിജയി മാന്യനായ ഒരാളാണെന്നും തന്റെ ചിന്തകളിലും ജീവിതത്തിലും അദ്ദേഹത്തിന് മാറ്റം വരുത്താന്‍ കഴിഞ്ഞുവെന്നും അമല പറയുന്നുണ്ട്.
ഇവിടെ ഞാന്‍ വിജയ് നല്‍കുന്ന സ്‌നേഹത്തിലും കരുതലിലും ആകെ മുങ്ങിനില്‍ക്കുകയാണ്- എന്ന് വളരെ കാവ്യാത്മകമായി അമല എഴുതിവച്ചിട്ടുണ്ട് കുറിപ്പില്‍. തന്റെ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കിയതില്‍ വിജയിയോട് നന്ദി പറഞ്ഞുകൊണ്ടാണ് അമല കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
വമ്പന്‍ പ്രതികരമാണ് അമലയുടെ കുറിപ്പിന് ലഭിച്ചിരിക്കുന്നത്. 16,846 പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 439 പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. വെറും നാലുമണിക്കൂര്‍ കൊണ്ടാണ് അമലയുടെ വിവാഹക്കുറിപ്പ് ആരാധകര്‍ക്കിടയില്‍ വൈറലായത്.


Click it and Unblock the Notifications