വിവാഹമുണ്ടെങ്കില്‍ അറിയിക്കുമെന്ന് അമലാ പോള്‍!! ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് നടി
തെന്നിന്ത്യന്‍ സിനിമയില്‍ മുന്‍നിര നായികയായി തിളങ്ങിയ താരമാണ് അമലാ പോള്‍. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് അമല അഭിനയിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് അമല പോള്‍ പ്രേക്ഷരുടെ ഇഷ്ട താരമായത്.
സിനിമകളില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകന്‍ എ ഏല്‍ വിജയുമായി നടിയുടെ വിവാഹം നടന്നത്. 2014ല്‍ വിവാഹിതരായ ഇരുവരും പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയായിരുന്നു.

വിവാഹ മോചന ശേഷവും അമലാ പോള്‍ വീണ്ടും സിനിമകളില്‍ സജീവമായിരുന്നു. അടുത്തിടെയാണ് നടിയുടെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. സുഹൃത്തും മുംബൈയില്‍ നിന്നുളള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗുമായി നടിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുളള വാര്‍ത്തകളാണ് പ്രചരിച്ചത്.

വിവാഹ ചിത്രങ്ങള്‍ ത്രോബാക്ക് എന്ന ഹാഷ്ടാഗോടെ ഭവ്‌നിന്ദര്‍ തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നത്. പരമ്പരാഗതമായ രാജസ്ഥാനി വധു വരന്മാരുടെ ലുക്കിലായിരുന്നു ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ അതിന് പിന്നാലെ പേജില്‍ നിന്ന് ചിത്രങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും നേരത്തെ വിവാഹിതരാണെന്നും പിന്നീട് വേര്‍പിരിഞ്ഞതാണെന്നും എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചു.

ഇപ്പോഴിതാ എല്ലാ വാര്‍ത്തകള്‍ക്കുമുളള മറുപടിയുമായി അമലാ പോള്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് നടി സംസാരിച്ചത്. താനിപ്പോള്‍ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുമ്പോള്‍ വിവാഹക്കാര്യം തുറന്നുപറയുമെന്നും നടി പറയുന്നു. എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്. ഇപ്പോള്‍ ഞാന്‍ സിനിമകളുമായി തിരക്കിലാണ്.

ആ തിരക്കുകള്‍ കഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാന്‍ അറിയിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുളളതാണ്. അതുപോലെ വിവാഹവും ഞാന്‍ അറിയിക്കും. അതുവരെ ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്,. സമയമാകുമ്പോള്‍ ഞാന്‍ അറിയിക്കും. അഭിമുഖത്തില്‍ അമലാ പോള്‍ വ്യക്തമാക്കി. മുന്‍പ് പല അഭിമുഖങ്ങളിലും തന്റെ കാമുകനെക്കുറിച്ച് അമലാ പോള്‍ വെളിപ്പെടുത്തിയിരുന്നു.

ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല ഇതേക്കുറിച്ച് സംസാരിച്ചത്. ഉപാധികളില്ലാതെ സ്‌നേഹിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം എനിക്ക് കാണിച്ചു തന്നുവെന്ന് നടി പറഞ്ഞിരുന്നു. തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്വജിച്ചുവെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്നുളള കാര്യം നടി വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീടാണ് അമലയുടെ പ്രണയ നായകന്‍ ഭവ്‌നിന്ദറാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. അമലയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നതും പരസ്പരം കൈകോര്‍ത്ത് നടന്നത് പോകുന്നതുമായ ചിത്രങ്ങളുമായിരുന്നു ഭവ്‌നിന്ദര്‍ മുന്‍പ് പങ്കുവെച്ചിരുന്നത്. ഈ ചിത്രങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.


Click it and Unblock the Notifications