അമലപോളിന്റെ ഗ്രാഫ് ഇടിഞ്ഞു
അമലാപോളിന് തമിഴില്‍ ഇപ്പോള്‍ ഒളി മങ്ങുകയാണ്. പുതിയ ചിത്രമായ നിമിര്‍ന്തുനിലും പരാജയപ്പെട്ടതോടെ തമിഴില്‍ മുന്‍നിരയിലെത്താമെന്ന മോഹം പൊലിയുകയാണ്. നയന്‍താരയെ തോല്‍പ്പിച്ച് തമിഴില്‍ ഒന്നാംസ്ഥാനം കീഴടക്കാമെന്ന മോഹത്തിനാണ് നിമിര്‍ന്തുനില്‍ എന്ന ചിത്രം കത്തിവച്ചത്.
സമുദ്രക്കനി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയം രവി ഇരട്ട വേഷത്തിലാണ്. ഉദ്യോഗസ്ഥ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് സിനിമയെങ്കിലും പ്രേക്ഷകരെ ആവേശം കൊള്ളിക്കാനുള്ള വകുപ്പൊന്നുംചിത്രത്തിലില്ല. ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ അനുസ്മരിപ്പിച്ച് ചിത്രത്തില്‍ നായകനായ ജയംരവിക്ക് അരവിന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ഒറ്റയ്ക്കു പോരാടുന്ന ഐടി ഉദ്യോഗസ്ഥനാണ് അരവിന്ദ്.

സിനിമയുടെ തുടക്കമൊക്കെ ഗംഭീരമായെങ്കിലും രണ്ടാംപകുതി തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ശരത് കുമാര്‍ ദീര്‍ഘകാലത്തിനുശേഷം പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ അതിഥി വേഷത്തില്‍ ഒതുങ്ങിപ്പോയി ശരത്കുമാര്‍. പ്രേക്ഷകരെ ആവേശംകൊള്ളിക്കാന്‍ അമല പോള്‍ അല്‍പം ഗ്ലാമറൊക്കെ കാണിച്ചെങ്കിലും ജി.വി. പ്രകാശിന്റെ സംഗീതം ഒരു ഇമ്പവും ഉണ്ടാക്കുന്നില്ല.
വിദേശരാജ്യങ്ങളിലാണ് ഗാനങ്ങളൊക്കെ ചിത്രീകരിച്ചതെങ്കിലും അതിന്റെ മികവൊന്നും കാണാനില്ല. ജയംരവിയുടെ രണ്ടാമത്തെ വേഷം എന്തിനായിരുന്നുവെന്ന് സിനിമ കണ്ടവരെല്ലാം ചോദിക്കുകയാണ്. നാടോടികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സമുദ്രക്കനിയുടെ മോശം ചിത്രങ്ങളിലൊന്നായി നിമിര്‍ന്തുനില്‍. മലയാളത്തിലെ അനില്‍ മുരളി ഇതില്‍ വില്ലന്‍ പൊലീസ് ഓഫിസറായി അഭിനയിക്കുന്നു. മലയാളി കാമറമാന്‍ സുകുമാര്‍ ആണ് ചായാഗ്രഹണം.
ഇതിനു മുന്‍പ് തമിഴില്‍ റിലീസ് ചെയ്ത വിജയ് ചിത്രമായ തലൈവയും പരാജയപ്പെട്ടതോടെ അമലപോളിന്റെ തമിഴ് ഗ്രാഫ് കുത്തനെയിടിഞ്ഞു. നയന്‍താരതന്നെയാണ് ഇപ്പോഴും തമിഴില്‍ ഒന്നാം സ്ഥാനത്ത്.


Click it and Unblock the Notifications