ട്വന്റിക്ക് കാവ്യ മുതല്‍ ഭാവന വരെ
മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിക്കുന്നുവെന്ന ചരിത്രം സൃഷ്ടിക്കുകയാണ് താരസംഘടനയായ അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവര്‍ ആദ്യമായി ഒന്നിക്കുന്നുവെന്നതിനൊപ്പം മലയാളത്തിലെ മുന്‍നിര നടിമാരെല്ലാം ഒന്നിച്ചഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
കാവ്യാ മാധവന്‍, മീരാ ജാസ്മിന്‍, നവ്യാനായര്‍, ഗോപിക, ഭാവന എന്നിവരാണ് ട്വന്റി ട്വന്റിയിലെ നായികമാര്‍. മലയാളത്തിലെ ഈ അഞ്ച് മുന്‍നിര നടിമാരും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.
മീരാ ജാസ്മിനും ഭാവനയും അന്യഭാഷയിലെ തിരക്കുകള്‍ക്ക് അവധി കൊടുത്താണ് അമ്മയുടെ സിനിമയില്‍ അഭിനയിക്കുന്നതിനായി വീണ്ടും മലയാളത്തിലെത്തുന്നത്. കല്‍ക്കത്താ ന്യൂസിനു ശേഷം മീരാ ജാസ്മിന്‍ അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ഭാവന ഛോട്ടാ മുംബൈക്കു ശേഷമാണ് വീണ്ടുമൊരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര നടന്‍മാരെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ കഥ ചിത്രീകരണവേളയില്‍ പുറത്തുവിടുന്നത് സിനിമയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയാണ് ഇതിനു പിന്നില്‍.


Click it and Unblock the Notifications