ഡബ്യൂസിസിയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍! നടി രേവതിക്ക് കത്തയച്ച് AMMA!!
താരസംഘടനയായ എഎംഎംഎ(AMMA)യിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുളള തീരുമാനത്തിനെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങളായിരുന്നു ഉണ്ടായിരുന്നത്. എഎംഎംഎയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു ദീലിപിന് അനൂകൂലമായ തീരുമാനം എടുത്തിരുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കാനായിരുന്നു യോഗമെങ്കിലും ദിലീപിന്റെ തിരിച്ചുവരവിന് അവസരമൊരുക്കുവാനായിരുന്നു അംഗങ്ങള്‍ ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനെതിരെ വ്യാപക പ്രതിഷേധങ്ങളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്യൂസിസി ആയിരുന്നു ഇതിനെതിരെ ആദ്യം രംഗത്തുവന്നിരുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരസംഘടനയ്‌ക്കെതിരെ ഡബ്യൂസിസി വിമര്‍ശനം നടത്തിയിരുന്നത്. തുടര്‍ന്ന് നാല് നടിമാര്‍ താരസംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. നടിമാരുടെ രാജിക്ക് പിന്നാലെ പ്രത്യക യോഗത്തിനായി എഎംഎംഎയക്ക് ഡബ്യൂസിസി കത്തിയച്ചിരുന്നെങ്കിലും മറുപടി വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കത്തിനുളള മറുപടി നല്‍കിയിരിക്കുകയാണ് എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു.

നടിമാരുടെ രാജി
ദിലീപിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയ താരസംഘടനയുടെ തീരുമാനത്തിനെതിരെയായിരുന്നു നാല് നടിമാര്‍ നേരത്തെ രാജിവെച്ചിരുന്നത്. റിമ കല്ലിങ്കല്‍, ഭാവന,രമ്യാ നമ്പീശന്‍,ഗീതു മോഹന്‍ദാസ്
തുടങ്ങിയ നടിമാരായിരുന്നു എഎംഎംഎയില്‍ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ഇവരുടെ രാജി പ്രഖ്യാപനമുണ്ടായത്. ഇപ്പോള്‍ വ്യക്തിപരമായാണ് നാല് പേര്‍ രാജിവെക്കുന്നതെന്നും വഴിയേ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്നുമായിരുന്നു രമ്യാ നമ്പീശന്‍ പ്രതികരിച്ചിരുന്നത്. റിമ കല്ലിങ്കല്ലായിരുന്നു രാജിവെക്കുമെന്ന് അറിയിച്ച് ആദ്യം രംഗത്തുവന്നിരുന്നത്. തുടര്‍ന്നാണ് ഭാവനയും രമ്യയും അടക്കമുളളവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജിവെക്കുന്നതായി അറിയിച്ചിരുന്നത്.

ഡബ്യൂസിസിയുടെ കത്ത്
നടിമാരുടെ രാജിക്കു പിന്നാലെ പ്രത്യേക യോഗത്തിനായി താരസംഘടനയക്ക് ഡബ്യൂസിസി കത്തയച്ചിരുന്നു. രേവതി,പാര്‍വ്വതി,പദ്മപ്രിയ തുടങ്ങിയ ഡബ്യൂസിസി അംഗങ്ങള്‍ ചേര്‍ന്നാണ് എഎംഎംഎയ്ക്ക് കത്തയച്ചിരുന്നത്. കേസില്‍ പ്രതിയായ നടനെ തിരിച്ചെടുത്ത തീരുമാനത്തെ ചോദ്യം ചെയ്യാനായിരുന്നു ഡബ്യൂസിസി പ്രത്യേക യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കത്തയച്ച ശേഷം താരസംഘടനയുടെ മറുപടിയൊന്നും ഉണ്ടായില്ലെന്ന് ഡബ്യൂസിസി അംഗങ്ങളിലൊരാളായ രേവതി തുറന്ന് പറഞ്ഞിരുന്നു. തങ്ങള്‍ അയച്ച കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നാണ് രേവതി നേരത്തെ
പറഞ്ഞിരുന്നത്.

രേവതി പറഞ്ഞത്
താരസംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ഞങ്ങളൊക്ക പറഞ്ഞതാണ് കേസ് കോടതിയില്‍ നടക്കുമ്പോള്‍ ഇത്തരത്തിലൊരു തീരുമാനം എങ്ങനെ സാധ്യമാകുമെന്ന്, രേവതി പറയുന്നു. ആക്രമണത്തെ അതിജീവിച്ച നടിയും ഈ സംഘടനയുടെ ഭാഗമാണ്. അങ്ങനെയിരിക്കെ എന്തുതരം ബഹുമാനമാണ് നിങ്ങള്‍ അവള്‍ക്ക് നല്‍കുന്നത്? കോടതിയില്‍ കേസ് ഇപ്പോഴും നടക്കുമ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിക്കുന്നത്?. ഇതിനെയെല്ലാം ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. സംഘടനയില്‍ നിന്നും കുറച്ചുപ്പേര്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നി.കുറച്ചുപ്പേര്‍ നിലനിന്നുകൊണ്ട് അതിനെ ചോദ്യം ചെയ്യണമെന്നും. തുടര്‍ന്നാണ് ഞങ്ങള്‍ക്കൊപ്പമുളള നാല് പേര്‍ അമ്മയില്‍നിന്നും രാജിവെക്കാന്‍ തീരുമാനിച്ചത്. രാജിക്കു പിന്നാലെ ഞങ്ങള് മൂന്ന്പേര്‍ ചേര്‍ന്ന് സംഘടനയ്ക്ക് കത്തു നല്‍കി. എന്നാല്‍ സംഘടനയുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ലഭിച്ചില്ല.രേവതി പറഞ്ഞു

ഒടുവില്‍ മറുപടി
പ്രത്യേക യോഗത്തിനായി ഡബ്യൂസിസി കത്തയച്ചിരുന്നെങ്കിലും ആ സമയത്ത് ഒരു മറുപടിയും താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഡബ്യൂസിസിയുടെ കത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടി രേവതിക്ക് നല്‍കിയ കത്തിലാണ് ഡബ്യൂസിസിയുടെ ആവശ്യത്തിന് ഇടവേള ബാബു മറുപടി നല്‍കിയിരിക്കുന്നത്.

ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ
ഡബ്യൂസിസിയുടെ കത്തിനുളള മറുപടിയായി ദിലീപ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഇടവേള ബാബു. കത്തു നല്‍കിയ നടിമാര്‍ക്കു കൂടി സാധിക്കുന്ന ഒരു ദിവസം ചര്‍ച്ച നടത്താമെന്നാണ് കത്തില്‍ ഇടവേള ബാബു പറഞ്ഞിരിക്കുന്നത്. ഈ മാസം അവസാനത്തോടു കൂടി കൊച്ചിയില്‍ വെച്ച് ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.


Click it and Unblock the Notifications