ആ പരസ്യവും ഫോട്ടോയും വ്യാജമാണ്
നടന്‍ ജിഷ്ണു ഒരു വര്‍ഷം മുമ്പ് രോഗശയ്യയില്‍ കിടന്ന ഫോട്ടോ എടുത്ത്, വാട്‌സപ്പിലും ഫേസ്ബുക്കിലുമിട്ട് 'ജിഷ്ണു ഗുരുതാരവസ്ഥയില്‍' എന്ന് അടിക്കുറിപ്പും എഴുതി, പ്രചരിപ്പിക്കുന്ന ഫോട്ടോയും വാര്‍ത്തയുമാണ് ഇപ്പോള്‍ ഇ ലോകത്തെ വാര്‍ത്ത. പുതിയ ടെക്‌നിക്കുകള്‍ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രവണത ഈ ഇടെ കൂടിക്കൂടി വരികയാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഫോട്ടോയും അടിക്കുറിപ്പും മമ്മൂട്ടിയുടേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. സിനിമയില്‍ അവസരം ചോദിച്ച് മമ്മൂട്ടി, 1979 ല്‍ പ്രസിദ്ധീകരിച്ച കുറിപ്പെന്ന രീതിയില്‍ ഒരു ഫോട്ടോ.

'കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക.- പിഐ അബ്ദുള്ളകുട്ടി, അഡ്വക്കറ്റ്, മഞ്ചേരി' എന്നാണ് ഫോട്ടോയോടുകൂടി കൊടുത്ത പോസ്റ്ററിലെ അടിക്കുറുപ്പ്.
എന്നാല്‍ ആ വാര്‍ത്ത വ്യാജമാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലെടുത്ത എന്റെ ഫോട്ടോയാണത്. വാട്‌സാപ്പില്‍ ആദ്യം കണ്ടപ്പോള്‍ ഞാനും ആ പരസ്യവും അടിക്കുറിപ്പും ആസ്വദിച്ചിരുന്നു. പക്ഷെ പിന്നീട് ആരോ അതിലെ അടിക്കുറിപ്പ് മാറ്റി. അതോടെ ഈ പരസ്യം ഞാന്‍ കൊടുത്തതെന്ന പോലെയായി. ടെക്‌നോളജിയെ എങ്ങനെ നന്നായും മോശമായും ഉപയോഗിക്കാം എന്നതിന്റെ തെളിവാണിത്.
അന്ന് ഇങ്ങനെ പരസ്യം കൊടുക്കാനൊന്നും പറ്റില്ല. പ്രൊഡക്ഷന്‍ കമ്പനികള്‍ നടീനടന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം കൊടുക്കും. ഞാന്‍ അതിനും പോയിട്ടില്ല. സംവിധായകരെ നേരില്‍ പോയി കണ്ടിട്ടുണ്ട്- മമ്മൂട്ടി പറഞ്ഞു. 1971 ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രമായി വന്ന മമ്മൂട്ടി 'ദേവലോകം' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.


Click it and Unblock the Notifications