മമ്മൂട്ടി ഇങ്ങനെയാണോ സിനിമയിലെത്തിയത്??
1971 ല്‍ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തില്‍ പേരുപോലുമില്ലാത്ത ഒരു കഥാപാത്രമായി വന്നയാളാണ് ഇന്നത്തെ നമ്മുടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 'ദേവലോകം' എന്ന ചിത്രത്തില്‍ നായകവേഷത്തിലെത്താന്‍ മമ്മൂട്ടിയ്ക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍ എന്നീ ചിത്രങ്ങളിലൂടെ താന്‍ അഭിനയിക്കാന്‍ വേണ്ടി ഭൂമിയില്‍ ജന്മമെടുത്തതാണെന്ന് മമ്മൂട്ടി തെളിയിച്ചു.
ഇന്നത്തെ പോലെ അന്ന് സിനിമയില്‍ അവസരം ലഭിക്കാന്‍ റിയാലിറ്റി ഷോകളൊന്നും ഇല്ലല്ലോ. അഭിനയവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആള്‍ക്കാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവസരം ചോദിച്ച് സിനിമാ ലൊക്കേഷനില്‍ അലയുന്ന യുവാക്കളും അന്ന് സ്ഥിരം കാഴ്ചയില്‍ പെടുന്നു. സിനിമാ മോഹം തലയ്ക്ക് പിടിച്ച് മദിരാശിയിലേക്ക് വണ്ടി കയറിയവരും കുറവല്ല.

ഇന്ന് 'മുന്നറിയിപ്പ്' എന്ന ഹിറ്റ് ചിത്രം വരെ വന്നു നില്‍ക്കുന്ന നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കും കാണില്ലെ ഇതുപോലെ ഒരു കഴിഞ്ഞ കാലം. അത് ഊഹിച്ച് ഏതോ ഒരു ബുദ്ധിമതി/ ബുദ്ധിമാന്‍ ഉണ്ടാക്കിയ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. വാട്‌സ് ആപ്പിലാണ് പോസ്റ്ററിന് പ്രചാരണം ലഭിച്ചത്.
'കോളേജില്‍ ബെസ്റ്റ് ആക്ടറായിരുന്ന പി ഐ മുഹമ്മദ്കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. നിയമബിരുദധാരിയായ ഇദ്ദേഹത്തിന് നായകനടനാകാനുള്ള ആകാരഭംഗിയുണ്ട്. പുതുമുഖങ്ങളെ തേടുന്ന നിര്‍മാതാക്കളും സംവിധായകരും ശ്രദ്ധിക്കുക. - പിഐ അബ്ദുള്ളകുട്ടി, അഡ്വക്കറ്റ്, മഞ്ചേരി' എന്നാണ് ഫോട്ടോയോടുകൂടി കൊടുത്ത പോസ്റ്ററിലെ അടിക്കുറുപ്പ്


Click it and Unblock the Notifications