'ജാതിക്കാത്തോട്ടം' തരംഗമായി ഒരു വര്‍ഷം! ജെയ്‌സനൊപ്പമുളള ചിത്രവുമായി കീര്‍ത്തി
കഴിഞ്ഞ വര്‍ഷം മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്ലസ്ടു പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ ബോക്‌സോഫീസില്‍ വലിയ തരംഗമാണുണ്ടാക്കിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, മാത്യൂ തോമസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കൂട്ടത്തില്‍ ജാതിക്കാത്തോട്ടം എന്ന ഗാനമാണ് കൂടുതല്‍ തരംഗമായിരുന്നത്. സിനിമയുടെ റിലീസിന് മുന്‍പെത്തിയ ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ജാതിക്കാത്തോട്ടം പുറത്തിറങ്ങി ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതത്തില്‍ സൗമ്യാ രാമകൃഷ്ണനും സംഗീത സംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവദൂതും ചേര്‍ന്നായിരുന്നു പാട്ട് പാടിയത്.
Recommended Video
സുഹൈല്‍ കോയയാണ് പാട്ടിന് വരികള്‍ എഴുതിയിരുന്നത്. ജാതിക്കാ ത്തോട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അനശ്വര രാജന്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാത്യൂ തോമസ് അവതരിപ്പിച്ച ജെയ്‌സണ്‍ എന്ന കഥാപാത്രത്തിനൊപ്പം ജാത്തിക്കാത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രമാണ് അനശ്വര പോസ്റ്റ് ചെയ്തിരിക്കുന്നത്. റൊമാന്റിക്ക് കോമഡി ഗണത്തില്‍പ്പെട്ട ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.
തിയ്യേറ്ററര്‍ റിലീസിന് ശേഷം സിനിമ ടിവിയില്‍ എത്തിയപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. 2 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച് 50 കോടിയിലധികമാണ് സിനിമ ബോക്‌സോഫീസില്‍ നിന്നും നേടിയത്. ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.
പസ്ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും സംഘര്‍ഷങ്ങളുമെല്ലാമാണ് ചിത്രം പ്രമേയമാക്കിയത്. തണ്ണീര്‍മത്തനിലൂടെ അരങ്ങേറിയ പുതുമുഖ താരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയത്. വലിയ താരനിര ഇല്ലാതിരുന്നിട്ടും ഗംഭീര വരവേല്‍പ്പാണ് സിനിമയ്ക്ക് എല്ലായിടത്തും ലഭിച്ചിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ചിത്രം.
തണ്ണീര്‍മത്തനില്‍ ജെയ്‌സണും കീര്‍ത്തിയുമായി മികച്ച പ്രകടനം തന്നെയാണ് ഇരുവരും കാഴ്ചവെച്ചിരുന്നത്. പ്ലസ്ടു കാലത്തെ പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമൊക്കെ ഇടകലര്‍ത്തികൊണ്ടായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ അണിയിച്ചൊരുക്കിയിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications