ദുല്‍ഖറല്ല, ടൊവിനോ നായകന്‍! ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച പത്തേമാരി തിയറ്ററിലെത്തിയതിന് ശേഷമുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന തന്റെ പുതിയ ചിത്രം സലിം അഹമ്മദ് പ്രഖ്യാപിച്ചത്. ദുല്‍ഖറായിരിക്കും ചിത്രത്തിലെ നായകന്‍ എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. നായകന്റെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

ടൊവിനോ തോമസാണ് ഈ സലിം അഹമ്മദ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. സലിം അഹമ്മദ് ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി എന്നിവര്‍ ഈ ചിത്രത്തിലും യഥാക്രമം ഛായാഗ്രഹണം, ശബ്ദലേഖനം എന്നിവ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ബിജിബാലാണ്.നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലും ഇടംനേടിയ ആദാമിന്റെ മകന്‍ അബുവായിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം.
ആദാമിന്റെ മകന്‍ അബുവിന് ശേഷം മമ്മൂട്ടി ചിത്രങ്ങളായ കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. നിരൂപക പ്രശംസയ്‌ക്കൊപ്പം പ്രേക്ഷക പ്രീതിയും നേടിയെടുക്കുവാന്‍ ഈ ചിത്രങ്ങള്‍ക്കായി. മമ്മൂട്ടിയെ നായകനാക്കി മാപ്പിള ഖലാസി എന്നൊരു ചിത്രവും സലിം അഹമ്മദ് പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications











