ആസിഫിന്റെ നായികയായി ആന്‍ഡ്രിയയില്ല
അന്നയും റസൂലും എന്ന ചിത്രത്തിലൂടെ ചില ഗോസിപ്പുകളൊക്കെ പിടികൂടിയെങ്കിലും നടിയെന്ന നിലയില്‍ ആന്‍ഡ്രിയയ്ക്ക് മലയാളത്തില്‍ നല്ലൊരു തുടക്കം കിട്ടിയിരുന്നു. ഫഹദ് ഫാസിലുമായുള്ള കെമിസ്ട്രി പ്രേക്ഷകരംഗീകരിച്ചതോടെ ചിത്രം മികച്ച വിജയമായി. തുടര്‍ന്ന് പൃഥ്വിരാജിന്റെ നായികയായി ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ലണ്ടന്‍ ബ്രിഡ്ജ് അടുത്ത വര്‍ഷം മാത്രമെ തിയേറ്ററിലെത്തുകയുള്ളൂ.
അതിനിടയില്‍ ആസിഫ് അലിയും സണ്ണിവെയ്‌നും മുഖ്യവേഷത്തിലെത്തുന്ന മോശയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ആന്‍ഡ്രിയ കരാറൊപ്പിട്ടിരുന്നു. എന്നാല്‍ ഡേറ്റിങ്ങിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ട് ചിത്രത്തില്‍ നിന്ന് താരം പിന്മാറുന്നതായി മോസായിലെ കുതിരമീനുകള്‍ എന്ന ചിത്രത്തില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അണിയറക്കാര്‍ അറയിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ആസിഫിന്റെ നായികയായാണ് ആന്‍ഡ്രിയ അഭിനയിക്കാമെന്നേറ്റിരുന്നത്. ചിത്രീകരണവും ആരംഭിച്ചതായിരുന്നു. എന്നാല്‍ ഇടയ്ക്കവച്ചാണ് ആന്‍ഡ്രിയ പിന്മാറുന്ന കാര്യം അറിയിച്ചിരിക്കുന്നത്. ആന്‍ഡ്രിയ്ക്ക പകരം മറ്റ് രണ്ട് നായികമാര്‍ ചിത്രത്തിലേക്ക് പ്രവേശിച്ചിരിക്കുയാണ്. ആമേന്‍, നോര്‍ത്ത് 24കാതം എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ സ്വാതി റെഡ്ഡിയും ജനനി അയ്യരും. കൂതറ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന തെന്നിന്ത്യന്‍ താരം ജനനിക്കും ഇപ്പോള്‍ മലയാളത്തില്‍ നല്ല തിരക്കാണ്.
ഒരു ലക്ഷദ്വീപ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു ആന്‍ഡ്രിയയ്ക്ക് പറഞ്ഞുവച്ചിരുന്നത്. ഇനി ആ വേഷം സ്വാതിയും ജനനിയും ചെയ്യും. ആസിഫും സണ്ണിവെയ്‌നും തികച്ചും വ്യത്യസ്തമായ വേഷങ്ങളിലാണ് ചിത്രത്തിലെത്തുന്നത്.
അജിത്ത് പിള്ളയാണ് മോശയിലെ കുതിരമീനുകള്‍ സംവിധാനം ചെയ്യുന്നത്. ആമേനുവേണ്ടി ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജനാണ് ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ലക്ഷദ്വീപാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഫ്രെയിംസ് ഇന്നെവിറ്റബിളിന്റെ ബാനറില്‍ നിയാശ് ഇസ്മയില്‍, ജിന്നോ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











