മകന്റെ പേരില്‍ നിന്നും മേനോന്‍ മുറിച്ചുമാറ്റി നടന്‍ അനീഷ് ജി മേനോന്‍
ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അനീഷ് ജി മേനോന്‍. സഹനടനായുളള വേഷങ്ങളിലൂടെയാണ് നടന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അനീഷ് ജി മേനോന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അടുത്തിടെയായിരുന്നു അനീഷിനും ഭാര്യ ഐശ്വര്യയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. മകന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു. മകന്റെ പേരില്‍ നിന്നും മേനോന്‍ മുറിച്ചുമാറ്റി മാതൃകയാവുകയാണ് നടന്‍.

അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് മകന്റെ പേരില്‍ നിന്നും ജാതിപേര് അനീഷ് ഒഴിവാക്കിയിരിക്കുന്നത്. ആര്യന്‍ എന്നാണ് മകന് നടന്‍ പേരിട്ടിരിക്കുന്നത്. ഞാനവനെ ജാതി മത അടയാളങ്ങള്‍ ഇല്ലാതെ ആര്യന്‍ എന്ന് പേര് ചൊല്ലി വിളിച്ചുവെന്ന് അനീഷ് ജി മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
മേനോന്‍/ നായര്‍ വാലുകളില്ലാതെ 'അനീഷ്' എന്ന പേര് മാത്രമാണ് പേരിടല്‍ ചടങ്ങിന് എന്റെ അച്ഛന്‍ എന്റെ കാതില്‍ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്‌കൂള്‍ രജിസ്റ്ററില്‍ അനീഷ് ജി എന്നായി പേര്. മാട്ട- മിമിക്രി സ്റ്റേജുകളില്‍ നിന്ന് 'കെ.പി.എ.സി' -യില്‍ നാടകം കളിക്കാന്‍ എത്തിയപ്പോഴുംആ പേര് മാറ്റമില്ലാതെ തുടര്‍ന്നു. സിനിമാ മോഹം മനസ്സില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ മുതല്‍ 'അനീഷ്.ജി' എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന് തോന്നുകയും പേരിനൊപ്പം 'മേനോന്‍' എന്ന വാല്‍കക്ഷ്ണം കൂടെ കൂട്ടിച്ചേര്‍ത്ത് 'അനീഷ് ജീ മേനോന്‍' എന്ന നീളമുള്ള പേരില്‍ അറിയപ്പെടാനും ഞാന്‍ ആഗ്രഹിച്ചു.
പക്ഷേ 15- 20 കൊല്ലം മുന്‍പ് ആ വാല്‍കഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ന് എന്റെ മകന്റെ പേരിടല്‍ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങള്‍ ഇല്ലാതെ 'ആര്യന്‍' എന്ന്പേരുചൊല്ലി വിളിച്ചു. ഇന്ന് നവംബര്‍ 1-2019 മുതല്‍ അവന്‍ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റില്‍ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. ആര്യന്‍'.



Click it and Unblock the Notifications











