സാറ്റലൈറ്റ് പ്രശ്‌നത്തില്‍ കുരുങ്ങി ആംഗ്രി ബേബീസ്
അനൂപ് മേനോന്‍, ഭാവന എന്നിവരെ ജോഡികളാക്കി സജി സുരേന്ദ്രന്‍ ഒരുക്കുന്ന ആംഗ്രി ബേബീസ് എന്ന ചിത്രം സാറ്റലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ വൈകുന്നു.
2013ല്‍ത്തന്നെ ചിത്രീകരണം പൂര്‍ത്തിയായ ചിത്രമാണ് ആംഗ്രി ബേബീസ്. ചിത്രത്തിന്റെ സ്റ്റില്ലുകളും കഥാതന്തുവുമെല്ലാം കേട്ട പ്രേക്ഷകര്‍ സജി സുരേന്ദ്രനില്‍ നിന്നും പുതിയൊരു രസകരമായ ചിത്രം വരുകയാണല്ലോയെന്ന പ്രതീക്ഷയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി.

ഈ കാത്തിരിപ്പ് ഇനിയും നീണ്ടേയ്ക്കുമെന്നാണ് സൂചന. ചിത്രം വൈകുന്നത് സാറ്റലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. മെയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയേക്കുമെന്നും ഇവര്‍ പറയുന്നുണ്ട്.
മലയാളത്തില്‍ പ്രഖ്യാപിക്കപ്പെട്ട പല പുതിയ ചിത്രങ്ങള്‍ക്കും സാറ്റലൈറ്റ് വകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. അടുത്തിടെ ലിജോ ജോസ് പെല്ലിശേരി പ്രഖ്യാപിച്ച ആന്റി ക്രൈസ്റ്റ് എന്ന ചിത്രവും സാറ്റലൈറ്റ് അവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
പ്രണയിച്ച് വിവാഹം കഴിച്ച രണ്ടുപേരുടെ കഥപറയുന്ന ചിത്രമാണ് ആംഗ്രി ബേബീസ്. മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങൡ വച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്. ജീവന്‍ എന്ന കഥാപാത്രമായി അനൂപ് മേനോന്‍ എത്തുമ്പോള്‍ സാറ എന്ന കഥാപാത്രമായി ഭാവന എത്തുന്നു.


Click it and Unblock the Notifications











