മമ്മൂട്ടിയെ കണ്ടപ്പോള്‍ ഒന്നും തോന്നിയില്ല! ഡബ്ബിംഗ് സ്യൂട്ടിലെത്തിയപ്പോഴാണ് ഞെട്ടിയതെന്ന് അഞ്ജലി!
Recommended Video

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് പേരന്‍പ് കാണാനായി. ദേശീയ അവാര്‍ഡ് ജേതാവായ റാമിനൊപ്പം മമ്മൂട്ടി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. അമുദവനെന്ന ടാക്‌സി ഡ്രൈവറായി ഗംഭീര പ്രകടനവുമായാണ് മെഗാസ്റ്റാര്‍ എത്തിയിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തമിഴകത്തേക്ക് എത്തുമ്പോള്‍ ആ വരവ് വെറുതെയാവില്ലെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. റിലീസിന് മുന്നോടിയായി കൊച്ചിയില്‍ സിനിമയുടെ പ്രീമിയര്‍ ഷോ അരങ്ങേറിയിരുന്നു. സിനിമാലോകം ഒന്നടങ്കം അമുദവനെ വാഴ്ത്തി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായാണ് അഞ്ജലി എത്തിയിട്ടുള്ളത്.
അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായി മാറിയ അഞ്ജലി മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഈ സിനിമയില്‍ അദ്ദേഹത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നതെന്നറിഞ്ഞപ്പോള്‍ തുടക്കത്തില്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ലെന്നും സെറ്റിലേക്കെത്തിയതിന് ശേഷമാണ് ത്രില്ലടിച്ച നിമിഷങ്ങള്‍ അരങ്ങേറിയതെന്നും താരം പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

തുടക്കത്തില്‍ പ്രത്യേകിച്ച് പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ച് തുടങ്ങിയപ്പോഴാണ് തന്‍രെ ധാരണ മാറിയതെന്ന് താരം പറയുന്നു. എല്ലാ സീനുകളും ഗംഭീരമായാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. അഭിനയിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിച്ചിരുന്നില്ലെന്നും ഡബ്ബിംഗ് സ്യൂട്ടിലെത്തിയപ്പോഴാണ് വളരെ ചെറിയ രംഗങ്ങള്‍ പോലും അതിസൂക്ഷ്മമായാണ് മമ്മൂട്ടി ചെയ്തതെന്ന് ബോധ്യമായതെന്നും താരം പറയുന്നു. കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications