ജയസൂര്യയും അനൂപും വീണ്ടും; ഒപ്പം വികെപിയും
ഏറെ നാളായി ആളുകള്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിന് ഒടുക്കം ഉത്തരമായി. വലിയൊരു ഇടവേളയ്ക്ക് ശേഷം അനൂപ് മേനോനും ജയസൂര്യയും വീണ്ടും ഒന്നിയ്ക്കുകയാണ്, ഒപ്പം സംവിധായകനായി വികെ പ്രകാശുമുണ്ട്. പലചിത്രങ്ങളിലൂടെ ഒരുമിച്ചശേഷം അനൂപും ജയസൂര്യയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് ചെറിയൊരു ബ്രേക്കിട്ടപ്പോള്‍ അത് ചലച്ചിത്രലോകത്ത് പലവിധ ഗോസിപ്പുകള്‍ക്ക് വഴിവച്ചിരുന്നു.
അനൂപും ജയസൂര്യയും തെറ്റിപ്പിരിഞ്ഞുവെന്നും അവര്‍ ഒന്നിച്ചിനി സിനിമ ചെയ്യില്ലെന്നും വരെ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലെന്നും ഒരേ താരങ്ങളെ ഒരുമിച്ച് കണ്ട് പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാകാതിരിക്കാന്‍ ഗ്യാപ്പിട്ടതാണെന്നും രണ്ടുപേരും പലപ്പോഴായി പറഞ്ഞുകൊണ്ടിരുന്നു, ഇതൊന്നും ഗോസിപ്പുകളെ തടയാന്‍ പോന്ന പറച്ചിലായിരുന്നില്ല. എന്തായാലും ഇപ്പോള്‍ ഇവര്‍ രണ്ടുപേരും വീണ്ടുമൊന്നിയ്ക്കുകയാണ്.

2014 ഡിസംബറില്‍ ജയസൂര്യയും താനുമൊന്നിച്ചുള്ള ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് അനൂപ് മേനോനാണ് അറിയിച്ചിരിക്കുന്നത്. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2013 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഡേവിഡ് ആന്റ് ഗോലിയാത്ത് എന്ന ചിത്രമായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം. ഇതിന് ശേഷം ഡി കമ്പനിയെന്ന ആന്തോളജിയില്‍ ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന ഹ്രസ്വ ചിത്രത്തിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ഇതിന് ശേഷമാണ് ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് ഇവര്‍ ചെറിയ ഇടവേള നല്‍കിയത്.
ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ ചിത്രങ്ങളിലെല്ലാം അനൂപ്-ജയസൂര്യ കോംപിനേഷനായിരുന്നു ഹൈലൈറ്റ്. എന്തായാലും ഇവര്‍ വീണ്ടുമൊന്നിയ്ക്കുമ്പോള്‍ ആ ചിത്രം മറ്റൊരു ഹിറ്റാകുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications