മമ്മൂട്ടിയും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും; തിരക്കഥ അനൂപ്
മമ്മൂട്ടിയും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിയ്ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര്‍ എന്ന ഹിറ്റു ചിത്രം ചെയ്തുകൊണ്ടാണ് മാര്‍ട്ടിന്‍ സംവിധാനരംഗത്തേയ്ക്ക് വന്നത്. പിന്നീട് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എടുത്ത എബിസിഡിയെന്ന ചിത്രവും വലിയ ഹിറ്റായി മാറി. ഇപ്പോള്‍ വീണ്ടും മമ്മൂട്ടിയുമായി പുത്തനൊരു ഹിറ്റിനൊരുങ്ങുകയാണ് മാര്‍ട്ടിന്‍.
ഇത്തവണ ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ നടനും, തിരക്കഥാകൃത്തുമായ അനൂപ് മേനോനാണ് മാര്‍ട്ടിനുവേണ്ടി തിരക്കഥയൊരുക്കുന്നത്. കോട്ടയം സ്വദേശിയായ അച്ചായനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നതെന്നാണ് സൂചന. ഇതുവരെ എഴുതിയ തിരക്കഥകളില്‍ നിന്നും വ്യത്യസ്തമായിരിക്കും മമ്മൂട്ടിച്ചിത്രത്തിനായി താന്‍ എഴുതുന്ന തിരക്കഥയെന്നാണ് അനൂപ് പറയുന്നത്.

ഒരു മുഴുനീള എന്റര്‍ടെയിനറിയാരിക്കും ചിത്രമെന്ന് മാര്‍ട്ടിനും അനൂപും പറയുന്നു. മമ്മൂട്ടിയ്ക്കായി അനൂപ് തിരക്കഥയെഴുതുന്നത് ഇതാദ്യമാണ്. നേരത്തേ അനൂപ് തിരക്കഥയെഴുതിയ പകല്‍നക്ഷത്രങ്ങള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായിരുന്നു.
2014ല്‍ പ്രഖ്യാപിക്കപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരിക്കും മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം. ഷെബിന്‍ ബക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിന് മുമ്പ് മമ്മൂട്ടി രസികനായ അച്ചായനായി അഭിനയിച്ച കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ്., സംഘം, നസ്രാണി തുടങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മുകളില്‍ നില്‍ക്കുന്നൊരു അച്ചായന്‍ കഥാപാത്രത്തെ സൃഷ്ടിക്കാനാണ് അനൂപും മാര്‍ട്ടിനും ചേര്‍ന്ന് ശ്രമിക്കുന്നത്.
2014ല്‍ പുറത്തിറങ്ങാനിരിക്കുന്ന പ്രെയ്‌സ് ദി ലോര്‍ഡ് എന്ന ചിത്രത്തിലും മമ്മൂട്ടി ഒരു കാഞ്ഞിരപ്പള്ളിക്കാരന്‍ അച്ചായനായിട്ടാണ് എത്തുന്നത്.


Click it and Unblock the Notifications